18 November, 2023 02:45:27 PM
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ ഐഡി കാര്‍ഡ് വിവാദം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മ്യൂസിയം എസ്‌എച്ച്‌ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സൈബര്‍ പൊലീസ് ഉള്‍പ്പടെയുള്ള എട്ട് അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. തിരുവനന്തപുരം ഡിസിപി നിധിൻരാജും കന്റോണ്‍മെന്‍റ് എസിയും മേല്‍നോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തോട് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് ഡിസിപി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത എല്ലാ സ്ഥാനാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും മൊഴിയെടുക്കും. മൊബൈല്‍ ആപ്പ് എന്ത് ലക്ഷ്യം വച്ചാണ് നിര്‍മ്മിച്ചതെന്ന് അന്വേഷിക്കുമെന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിസിപി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കേസെടുക്കാൻ പൊലീസിന് നിര്‍ദേശം ലഭിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്‍റെ കത്ത് ഡിജിപി, സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് സഞ്ചയ് കൗള്‍ ആവശ്യപ്പെട്ടിരുന്നു