15 November, 2023 12:36:48 PM


സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി; സംഘർഷം, പൊലീസ് ലാത്തിവീശി



കോഴിക്കോട്: മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി എത്തിയത്. ഇതിനിടെ പൊലീസിനെതിരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശി. സ്റ്റേഷന് മുന്നില്‍ വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യംവിളികളുമായി പ്രതിഷേധിക്കുന്നത്. സ്‌റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ കാത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകരാണ് റോഡില്‍ തടിച്ചു കൂടിയത്. 3 അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിട്ടുണ്ട്. കെ സുരേന്ദ്രന് പുറമെ, മറ്റു നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, വി കെസജീവന്‍ എന്നിവര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.

നേരത്തെ നവംബർ 18 നകം ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഒക്‌ടോബർ 27 നാണ് സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മോശം ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് സംഭവത്തിൽ മാപ്പും വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. മോശമായി പെറുമാറിയെന്ന കേസിൽ ഐപിസി 354 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K