14 November, 2023 03:18:07 PM
അവസാനം തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെ; വധശിക്ഷ കാത്ത് കിടക്കുന്നത് 16 പേര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് 32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു വധശിക്ഷ നടപ്പാക്കിയത്. 1991 ജൂലൈ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ആ ശിക്ഷ നടപ്പാക്കല്‍. നിരവധി കൊലക്കേസുകളില്‍ പ്രതിയായ റിപ്പര്‍ ചന്ദ്രനെയായിരുന്നു അന്ന് തൂക്കിക്കൊന്നത്. അതിനുശേഷം ഇതുവരെ സംസ്ഥാനത്ത് ഒരു വധശിക്ഷയും നടപ്പാക്കിയിട്ടില്ല.
പല കേസുകളിലും വിവിധ കോടതികള്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്. മേല്‍ക്കോടതികള്‍ വധശിക്ഷ റദ്ദാക്കിയിട്ടുമുണ്ട്. നിലവില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 16 പേരാണ് വധശിക്ഷ കാത്ത് കിടക്കുന്നത്. സംസ്ഥാനത്ത് വധശിക്ഷ കാത്ത് കിടക്കുന്ന കുറ്റവാളികളെ പൂജപ്പുര, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 3 പേര്‍ പൂജപ്പുരയിലും 13 പേര്‍ വിയ്യൂര്‍ ജയിലിലുമാണ്. ഇതില്‍ പോലീസ് ഉദ്യോഗസ്ഥരായിരുന്നയാള്‍ വരെയുണ്ട്.
തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിലെ പ്രതിയായ എഎസ്‌ഐ ജിതകുമാറാണ് വധശിക്ഷ കാത്ത് ജയിലിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. ആലംകോട് സ്വദേശി ഓമന, ചെറുമകള്‍ സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നിനോ മാത്യു, കോളിയൂര്‍ സ്വദേശിയായ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതി അനില്‍ കുമാര്‍, കുപ്രസിദ്ധ ഗുണ്ട ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജാക്കി അനി എന്ന അനില്‍കുമാറും അമ്മയ്‌ക്കൊരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്ത്കുമാറും വധശിക്ഷ കാത്ത് ജയിലിലുണ്ട്.
കുണ്ടറ മുളവന ആലീസ് വധക്കേസിലെ പ്രതി ഗിരീഷ്‌കുമാര്‍, അമ്മയുടെ കണ്‍മുന്നില്‍ 2 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തോമസ് ചാക്കോ, പാറമ്പുഴ തുരുത്തേല്‍ക്കവലയില്‍ ലാലസന്‍ ഭാര്യ പ്രസന്നകുമാരി മകന്‍ പ്രവീണ്‍ എന്നിവരെ കൊലപ്പെടുത്തി എട്ടര പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി നരേന്ദ്രകുമാര്‍, മാവേലിക്കര പല്ലാരിമംഗലത്തു ദമ്ബതികളെ 6 വയസ്സുകാരനായ മകന്റെ മുന്നിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്‍.സുധീഷ്. പീരുമേട്ടില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും പീഡിപ്പിച്ച ചെയ്തശേഷം കമ്ബിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്‍. അടിമാലി മുക്കുടത്ത് അമ്മയെയും മാതൃപിതാവിനെയും രണ്ട് അയല്‍വാസികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജോമോന്‍ എന്നിങ്ങനെ പതിനാറ് ക്രിമിനലുകളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിലുള്ളത്.
പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ്. ഇത്തരത്തില്‍ വധശിക്ഷ വിധിച്ചാലും മേല്‍കോടതികളില്‍ അപ്പീലും രാഷ്ട്രപതിക്ക് ദയാഹര്‍ജിയും നല്‍കാന്‍ പ്രതിക്ക് അവസരമുണ്ട്. ഇതിലെല്ലാം വധശിക്ഷ ശരിവച്ചാല്‍ മാത്രമേ ഒരു കുറ്റവാളിയെ തൂക്കുമരത്തിലേക്ക് എത്തിക്കുകയുള്ളൂ. കണ്ണൂരിലും പൂജപ്പുരയിലുമാണ് വധശിക്ഷ നടപ്പാക്കാനുള്ള സൗകര്യമുള്ളത്. ഈ രണ്ടു ജയിലുകളിലുമായി ഇതുവരെ 26 കുറ്റവാളികളെയാണ് തൂക്കിലേറ്റിയിട്ടുള്ളത്.