13 November, 2023 04:10:21 PM


ദുരിതാശ്വാസനിധി കേസ്: ഹർജി തള്ളി; പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്- ലോകായുക്ത



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ആരോപിക്കുന്ന ഹർജി ലോകായുക്ത തള്ളി. മന്ത്രിസഭയുടെ തീരുമാനം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. പൊതുമുതൽ ഉപയോഗിക്കാൻ സർക്കാരിനധികാരമുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി.

മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസിൽ അത് പാലിച്ചിട്ടുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്നതിന് തെളിവില്ല. മുഖ്യമന്ത്രിയോ മറ്റ് മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിധിയിൽ പറ‍യുന്നു. വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹർജിയും തള്ളി.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് മുഖ്യമന്ത്രിയെയും മറ്റ് 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി 2018 സെപ്റ്റംബറിലാണ് ലോകായുക്തയിൽ പരാതി നൽകിയത്. 2023 മാർച്ചിൽ, ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ ന്യായാധിപർക്കിടയിലെ അഭിപ്രായ വ്യത്യാസം മൂലം ഹർജി മൂന്നംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K