13 November, 2023 08:43:30 AM
കളമശ്ശേരി സ്ഫോടനം: ചെറിയ സ്ഫോടന പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി പ്രതി മാര്‍ട്ടിൻ
കൊച്ചി: കളമശ്ശേരി സ്ഫോടനം നടത്തുന്നതിന് മുൻപ് ചെറിയ രീതിയില്‍ സ്ഫോടന പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി പ്രതി മാര്‍ട്ടിൻ ഡൊമിനിക്. ഇന്റര്‍നെറ്റ് വഴിയാണ് ബോംബുണ്ടാക്കാൻ പഠിച്ചത്. ഇംപ്രൊവൈസ്‌ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള ബോംബിന്റെ പ്രവര്‍ത്തനമാണ് പരീക്ഷിച്ചതെന്നും മാര്‍ട്ടിൻ സമ്മതിച്ചിട്ടുണ്ട്.
പലയിടങ്ങളിലായി പല തവണ ചെറുപരീക്ഷണങ്ങള്‍ നടത്തി. തകരാറുകള്‍ പരിഹരിച്ച ശേഷം അവയെ വിശദമായി പഠിച്ച ശേഷമായിരുന്നു നിര്‍മ്മാണം എന്നും പ്രതി അന്വേഷണസംഘത്തോട് വ്യക്തമാക്കി. പിന്നീടാണ് ആളപായം ഉറപ്പാക്കും വിധത്തിലുള്ള ബോംബുകള്‍ നിര്‍മ്മിച്ച് സാമ്ര കണ്‍വെൻഷൻ സെന്ററില്‍ സ്ഥാപിച്ചതെന്നും മാര്‍ട്ടിൻ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
മാര്‍ട്ടിൻ പെട്രോള്‍ വാങ്ങിയ പമ്ബുകളില്‍ തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. പ്രതിയുമായി അത്താണിയിലെ ഫ്ളാറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ ബോംബുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. സ്കൂട്ടറില്‍ നിന്നും സ്‌ഫോടനം നടത്താൻ ഉപയോഗിച്ച റിമോട്ടുകളും ലഭിച്ചു. ബോംബ് നിര്‍മിക്കാൻ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയ പാലാരിവട്ടത്തെ കടകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ കസ്‌റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും.