12 November, 2023 04:31:39 PM


ഫ്‌ളോട്ടിംഗ് സോളാർ പദ്ധതിക്ക് ഏകജാലക സംവിധാനം പരിഗണനയിൽ - മന്ത്രി കൃഷ്ണൻകുട്ടി



കോട്ടയം: ഫ്‌ളോട്ടിംഗ് സോളാർ പദ്ധതികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കോട്ടയം കുറവിലങ്ങാട് 152 കോടി രൂപ ചെലവിൽ സ്ഥാപിച്ച കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി പ്രസരണരംഗത്ത് കേരളം മുന്നേറിയതായും ഏഴരവർഷംകൊണ്ട് 95 സബ് സ്‌റ്റേഷനുകൾ നിർമിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കേരളത്തിലെ 400 കെ.വി. പവർ ഹൈവേ നിർമാണം അന്തിമഘട്ടത്തിലാണ്. ഈ സർക്കാർ അധികാരമേറ്റ് ഇതുവരെ 593.5 മെഗാവാട്ട് അധികഉൽപാദന ശേഷി കൈവരിച്ചു. ഇതിൽ 549 മെഗാവാട്ട് സൗരോജ്ജത്തിൽ നിന്നാണ്. 44.5 മെഗാവാട്ട് ജലവൈദ്യുതപദ്ധതികളിലൂടെയാണ്. 60 മെഗാവാട്ടിന്റെ പള്ളിവാസൽ, 40 മെഗാവാട്ടിന്റെ തോട്ടിയാർ ജലവൈദ്യുത പദ്ധതികൾ ഈ വർഷം പൂർത്തീകരിക്കും. 211 മെഗാവാട്ട് ശേഷിയുള്ള ഒമ്പതു ജലവൈദ്യുത പദ്ധതികൾ പുരോഗമിക്കുന്നു.

800 മെഗാവാട്ടിന്റെ ഇടുക്കി രണ്ടാംഘട്ടം, 240 മെഗാവാട്ടിന്റെ ലക്ഷ്മി 700 മെഗാവാട്ടിന്റെ ഇടുക്കി പമ്പ്ഡ് സ്‌റ്റോറേജ്, 600 മെഗാവാട്ടിശന്റ പള്ളിവാസൽ പമ്പ്ഡ് സ്‌റ്റോറേജ്, ഇടമലയാർ പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നടപടിക്കു തുടക്കമായതായും മന്ത്രി പറഞ്ഞു. കാർഷികാവശ്യത്തിനുള്ള ഒരു ലക്ഷം പമ്പുകളുടെ സൗരോർജ്ജവൽക്കരണത്തിന് കേന്ദ്രാനുമതി ലഭിച്ചു. 9348 പമ്പുകൾ നബാർഡ് സഹായത്തോടെ സൗരോർജ്ജത്തിലേക്ക് മാറ്റാൻ അനെർട്ട് നടപടി സ്വീകരിച്ചുവരുന്നു. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാൻ താപവൈദ്യുത നിലയങ്ങളെ നിർബന്ധിക്കുന്ന കേന്ദ്ര നിലപാട് പരിശോധിച്ചാൽ ഇറക്കുമതി ചെയ്ത കൽക്കരി ആദ്യം 20 ശതമാനവും പിന്നീട് 10 ശതമാനവും ഇപ്പോൾ ആറു ശതമാനവും നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്ര നിബന്ധനയുണ്ട്.

ഇറക്കുമതി കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന 15 വൻകിട സ്വകാര്യതാപനിലയങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നു. ഇത്തരത്തിൽ സ്വകാര്യവൈദ്യുതി ഉൽപാദനനിലയങ്ങൾക്ക് കൂടിയ നിരക്ക് നിശ്ചയിക്കാൻ കഴിയുന്നു. വൈദ്യുതിയുടെ കമ്പോളവില ഉയർന്നു നിൽക്കുന്നു.  വൈദ്യുതി വിതരണ ലൈസൻസികൾക്ക് കമ്പോളത്തിൽനിന്ന് ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങാനും ലാഭകരമായി വിതരണം ചെയ്യാനും ഉതകുന്ന നിലയിൽ മാസാമാസം വൈദ്യുതി സർച്ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ വൈദ്യുതി ചട്ടഭേദഗതി കൊണ്ടുവന്നു. ഇതോടെ ഒരോ മാസവും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പോലും അനുമതിയില്ലാതെ വൈദ്യുതി സർചാർജ് ഈടാക്കാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് കഴിയുന്ന സ്ഥിതിവന്നു. പെട്രോൾ, ഡീസൽ വിലപോലെ വൈദ്യുതി നിരക്കും മാസാമാസം മാറുന്ന സ്ഥിതിയാണ്. ഇതിനുപുറമേ ചെലവിന് ആനുപാതികമായി എല്ലാവർഷവും മാർച്ച് ആദ്യം വൈദ്യുത നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും വിതരണചെലവ് പ്രതിഫലിക്കുന്ന രീതിയിൽ നിരക്ക് പുതുക്കണമെന്നും കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശം പുറപ്പൈടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് അധികഭാരം ചുമത്താതെ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമം. ടോട്ടക്‌സ് മോഡൽ അല്ലാതെ ഒരു ബദൽ മാതൃകയിലൂടെ പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K