08 November, 2023 01:47:18 PM
നിയമസഭയിലെ വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്‌ന: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മാപ്പ് പറഞ്ഞത്. ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത ചൂണ്ടികാട്ടിയായായിരുന്നു പ്രസംഗം.
'ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശം. ജനസംഖ്യാ നിയന്ത്രണത്തിന് വിദ്യാഭ്യാസം ആവശ്യമാണെന്ന് ഞാന്‍ എപ്പോഴും വാദിക്കുന്നു. സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ഞാന്‍ നിലകൊണ്ടിട്ടുണ്ട്.' നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിതീഷ് കുമാറിന്‍റെ രാജി ബിജെപി ആവശ്യപ്പെട്ടു. തുടര്‍ന്ന് നിയമസഭയില്‍ പരാമര്‍ശത്തില്‍ നിതീഷ് മാപ്പ് ആവര്‍ത്തിച്ചു.
'വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടി വിവാഹിതയാകുമ്പോള്‍, ജനസംഖ്യാ നിയന്ത്രണത്തില്‍ തന്‍റെ പങ്കാളിയെ സഹായിക്കാാന്‍ അവള്‍ക്ക് സാധിക്കും' എന്നായിരുന്നു നിതീഷിന്റെ പരാമര്‍ശം. എന്നാല്‍ ഇത്തരം പിന്തിരിപ്പന്‍ പരാമര്‍ശങ്ങള്‍ സ്ത്രീകളുടെ അവകാശത്തേയും തിരഞ്ഞെടുപ്പുകളേയും കുറിച്ചുള്ള അവബോധമില്ലായ്മ കൂടിയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.