07 November, 2023 07:50:12 PM
സംസ്ഥാനത്തെ രണ്ടാം മെട്രോ തിരുവനന്തപുരത്ത്; പദ്ധതി രണ്ടുഘട്ടമായി നടപ്പിലാക്കും
തിരുവനന്തപുരം തലസ്ഥാനം സംസ്ഥാനത്തെ രണ്ടാം മെട്രോ റെയിലിനെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. ഡിപിആര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി ഫീല്‍ഡ് സര്‍വേ ആരംഭിച്ചു.ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷൻ (ഡിഎംആര്‍സി)യുടെ നേതൃത്വത്തിലാണ് ഫീല്‍ഡ് സര്‍വേ. നേരത്തെ ലൈറ്റ് മെട്രോയും മറ്റുമാണ് തലസ്ഥാനത്തേക്ക് ആലോചിച്ചിരുന്നതെങ്കിലും കൊച്ചി മെട്രോ മാതൃകയില്‍തന്നെ മെട്രോ നിര്‍മിക്കാൻ പദ്ധതിയിടുകയായിരുന്നു.
പള്ളിപ്പുറം മുതല്‍ നെയ്യാറ്റിൻകരവരെ രണ്ടുഘട്ടങ്ങളിലായാകും തിരുവനന്തപുരം മെട്രോ നിര്‍മിക്കുക.പള്ളിപ്പുറത്ത് നിന്ന് പള്ളിച്ചല്‍വരെ ആദ്യഘട്ടത്തിലും, പള്ളിച്ചല്‍ മുതല്‍ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടത്തിലും പദ്ധതി നടപ്പാകും. പള്ളിപ്പുറത്തുനിന്ന് ആരംഭിച്ച് കരമന, നേമം വഴി പള്ളിച്ചല്‍ വരെയും കഴക്കൂട്ടത്ത് നിന്ന് ഈഞ്ചയ്ക്കല്‍ വഴി കിള്ളിപ്പാലത്തേക്കും രണ്ട് ഇടനാഴികള്‍ക്ക് ശുപാര്‍ശയുണ്ട്.
ഭാവിയിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ആദ്യഘട്ടം ആറ്റിങ്ങല്‍ വരെ നീട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ 27.4 കിലോമീറ്ററാണ് ഉള്‍പ്പെടുന്നത്. ടെക്നോസിറ്റി (പള്ളിപ്പുറം) മുതലാണ് ഈ ഘട്ടത്തിലുണ്ടാവുക. രണ്ടാഘട്ടത്തില്‍ 14.7 കിലോമീറ്ററാണ് ഉള്ളത്. ഈ ഘട്ടത്തില്‍ പള്ളിച്ചല്‍ - നെയ്യാറ്റിൻകര (11.1 കി.മീ) ടെക്നോസിറ്റി - മംഗലപുരം (3.7കി.മീ), ഈഞ്ചയ്ക്കല്‍ - വിഴിഞ്ഞം (14.7കി.മീ) പാതകള്‍ക്കും ശുപാര്‍ശയുണ്ട്.
തിരുവനന്തപുരം മെട്രോയ്ക്കായി പള്ളിപ്പുറം, പള്ളിച്ചല്‍ എന്നിവിടങ്ങളിലാണ് ഫീല്‍ഡ് സര്‍വേ തുടങ്ങിയിരിക്കുന്നത്. 41 കിലോമീറ്ററില്‍ ലേസര്‍ സര്‍വേയാണ് നടത്തുക. മൂന്ന് മാസത്തിനകം ഡിപിആര്‍ തയ്യാറാക്കാൻ കൊച്ചി മെട്രോ ലിമിറ്റഡാണ് ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയത്. ജനുവരിയില്‍ ഡിപിആര്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ടെക്‌നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം ജങ്ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂര്‍, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, എന്നിവിടങ്ങളിലാണ് നിലവില്‍ സ്റ്റേഷനുകള്‍ പദ്ധതിയിടുന്നത്.