06 November, 2023 02:39:28 PM


കേരളവര്‍മ തിരഞ്ഞെടുപ്പ്; കെ.എസ്.യു സ്ഥാനാർഥിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല



കൊച്ചി: തൃശൂര്‍ കേരള വർമ കോളജിലെ ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്ന് ഹൈക്കോടതി. കേസ് ഫയലില്‍ സ്വീകരിച്ച കോടതി കോളജ് മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കേസിൽ കക്ഷിയാക്കണമെന്നും ബന്ധപ്പെട്ടവർക്ക് നോട്ടിസ് അയക്കാനും നിർദേശിച്ചു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

എസ്എഫ്ഐയുടെ കെ.എസ് അനിരുദ്ധ് ചെയർമാനായി ചുമതലയേറ്റാലും അത് പിന്നീട് ഉണ്ടാകാവുന്ന ഉത്തരവിന് വിധേയമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോൾ ചെയ്ത വോട്ടിന്‍റെ എണ്ണത്തിൽ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫിസറോട് ആവശ്യപ്പെട്ടു.

കെ.എസ്.യു സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന് വേണ്ടി അഡ്വ. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് ഹാജരായത്. തന്‍റെ കക്ഷിയായ ശ്രീക്കുട്ടനെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ചുവെന്നും തുടര്‍ന്ന് റീക്കൗണ്ടിങ് നടത്തി തോല്‍പ്പിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ കോടതിയില്‍ വാദിച്ചു. എങ്കില്‍ അതിനുള്ള രേഖയെവിടെയെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. ഇക്കാര്യം വാക്കാലാണ് അറിയിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി.

സാമൂഹ മാധ്യമങ്ങളില്‍ വന്ന രേഖകള്‍ കൂടി അദ്ദേഹം കോടതിയില്‍ ഹാജരാക്കി. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍  പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേരള വര്‍മ കോളേജിലെ റിട്ടേണിങ് ഓഫീസറോട് തെരഞ്ഞെടുപ്പ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K