02 November, 2023 05:53:12 PM
കേരളീയം വരേണ്യ വർഗത്തിനായി നടത്തുന്ന ധൂർത്ത് ആണെന്ന് രൂക്ഷ വിമർശനം
തിരുവനന്തപുരം : സംസ്‌ഥാന സർക്കാർ നടത്തുന്ന കേരളീയം പരിപാടിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്. വിവിധ തലങ്ങളിൽ പട്ടികജാതിക്കാർക്കും ദളിത് ക്രൈസ്തവ വിഭാഗങ്ങൾക്കും ലഭിക്കേണ്ട അവകാശങ്ങൾ ലഭിക്കുന്നില്ല. ഈ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾക്ക് ഫണ്ട് നൽകാതെയാണ് സർക്കാർ ധൂർത്ത് നടത്തുന്നതെന്നും കെ കെ സുരേഷ് പറഞ്ഞു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരളീയം പരിപാടിയ്ക്ക് ഉജ്വലമായ തുടക്കം?എന്നാൽ സർക്കാർ പട്ടികജാതി വകുപ്പിന് നൽകേണ്ട കുടിശിഖ 240 കോടി രൂപയോളമാണ്. വൻകിട മുതലാളിമാരെയും സിനിമ നടന്മാരെയും ഉൾപ്പെടുത്തി നടത്തുന്ന കേരളീയം വരേണ്യ വർഗ്ഗ ധൂർത്ത്. കേരളത്തിലെ അടിസ്‌ഥാന വിഭാഗങ്ങളും മാറ്റിനിർത്തപ്പെടുന്നു.
വിവിധ ആവശ്യങ്ങൾക്കായി പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾ ഓഫീസുകൾ കയറിയിറങ്ങുമ്പോൾ ഫണ്ടില്ല എന്നുള്ള മറുപടി കേട്ട് മടങ്ങുന്ന കാഴ്ചയാണ് കുറെയധികം നാളുകളായി ദളിത് വിഭാഗങ്ങൾ നേരിടുന്നത്.
പട്ടികജാതി വിഭാഗത്തിലെ ഗൃഹനാഥൻ മരണപ്പെട്ടാൽ കുടുംബത്തിന് സഹായമായി ധനസഹായം നൽകുന്ന പദ്ധതി 2710 കുടുംബങ്ങൾക്ക് 54.20 കോടി രൂപ സർക്കാർ നൽകാനുണ്ട്. 2020 ന് ശേഷം ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല എന്നുള്ളതാണ് വസ്തുത.
വിവാഹ ധനസഹായങ്ങൾക്ക് 5940 കുടുംബങ്ങൾക്ക് 74.25 കോടി രൂപയാണ് നൽകാൻ ഉള്ളത്.
മിശ്ര വിവാഹിതരായ ദമ്പതികൾക്ക് നൽകുന്ന ധനസഹായത്തിൽ 9920 കുടുംബങ്ങൾക്ക് 74 കോടിയോളം രൂപ ഈ ഇനത്തിൽ നൽകുവാനുണ്ട്. ചികിത്സാ സഹായമായി പട്ടികജാതി കുടുംബങ്ങൾക്ക് 37.15 കോടി രൂപ അടിയന്തിരമായി നൽകേണ്ടതുണ്ട്.
സാമ്പത്തിക പ്രതിസന്ധിയാണ് ഈ സഹായങ്ങൾ നൽകുന്നതിന് തടസം എന്നാണ് വകുപ്പ് മേധാവികൾ അറിയിക്കുന്നത്.
പരിവർത്തിത ക്രൈസ്തവ വികസന ശുപാർശിത കോർപ്പറേഷന്റെയും സ്‌ഥിതി വ്യത്യസ്തമല്ല.
വിവാഹ ധനസഹായത്തിനായി അപേക്ഷ നൽകി കാത്തിരുന്നവരുടെ വിവാഹം മുടങ്ങുന്ന അവസ്‌ഥയിലേയ്ക്കാണ് ഈ കോർപ്പറേഷൻ പ്രവർത്തനം എത്തി നില്കുന്നത്. സംസ്‌ഥാന സർക്കാർ ഈ കോർപ്പറേഷന് ബഡ്ജറ്റിൽ അനുവദിച്ചത് കേവലം ആറ് കോടി രൂപ മാത്രമാണ്.
വിദ്യാഭ്യാസ വായ്പകൾ ഇരു കോർപ്പറേഷനുകളും നൽകുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.
മെഡിക്കൽ എഞ്ചിനിയറിങ്ങ് ഉൾപ്പെടെ പല മേഖലകളിലും ദളിത് വിദ്യാർത്ഥികൾ കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ആശ്രയിക്കുന്ന സ്‌ഥിതിയാണ് വർഷങ്ങളാണ് ഉള്ളത്.
തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ ദളിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ പ്രതിനിധ്യം ഇല്ല എന്ന് തന്നെ കണക്കുകൾ വ്യക്തമാക്കുന്നു.
പട്ടികജാതി വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവ വിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് അനുവദിച്ച അംബേദ്കർ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് റദ് ചെയ്യപ്പെട്ടത് ഈ കാലയളവിൽ ആണെന്നുള്ളത് പ്രതിഷേധാർഹമായ സംഗതിയാണ്.
ദലിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം കൊടുക്കണമെന്നുള്ള ആവശ്യത്തിന് സർക്കാർ ചെവി കൊടുക്കുന്നില്ല. എയ്ഡഡ് മേഖലയിലും സംവരണം നടപ്പിലാക്കണമെന്നതും സർക്കാർ ശ്രദ്ധിക്കുന്നില്ല.
ദളിതരും ആദിവാസികളും ഇന്നും ഭൂമിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്.
താത്കാലിക നിയമനങ്ങളിൽ ഈ വിഭാഗത്തിൽപെട്ടിട്ടുള്ള ആളുകൾ ഉൾപ്പെടുന്നില്ല.
വാളയാർ പെൺകുട്ടികൾക്കും , ആദിവാസി യുവാവ് മധു അടക്കമുള്ള ദുരൂഹ മരണങ്ങളിലും നീതി ലഭ്യമാകുന്നില്ല.
പട്ടികജാതിക്കാരനായ മന്ത്രി വരെ ജാതി വിവേചനം നേരിടുന്ന ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കേരളം മുൻപോട്ട് പോകുന്നത്.
കേരളത്തിൽ ജീവിക്കുന്ന ഈ വിഭാഗത്തെ പരിഗണിക്കാതുള്ള ഈ ശ്രമത്തിന് നീതികരണമില്ല.