31 October, 2023 05:46:52 AM


"കേരളീയം" പരിപാടിക്കു കേരളപ്പിറവി ദിനമായ നാളെ അനന്തപുരിയിൽ തുടക്കമാകും



തിരുവനന്തപുരം: കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന "കേരളീയം" പരിപാടിക്കു കേരളപ്പിറവി ദിനമായ നാളെ തുടക്കമാകും. രാവിലെ പത്തിന്‌ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടനചടങ്ങ്‌.


കേരളത്തിന്റെ തനിമയെന്തെന്ന്‌ ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ്‌ കേരളീയം- 2023 ഒരുക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏതെങ്കിലും ചില നേതാക്കള്‍ പങ്കെടുത്തില്ലെങ്കിലും പരിപാടി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും ജനങ്ങള്‍ നല്ലതുപോലെ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്‌ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്‌തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും.


കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ്‌ കേരളീയം അരങ്ങേറുന്നത്‌. സെമിനാറുകള്‍ നവംബര്‍ രണ്ട്‌ മുതല്‍ ആറു വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക്‌ 1.30 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ എക്‌സിബിഷന്‍, ട്രേഡ്‌ ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങിയ പരിപാടികള്‍. കേരളത്തിന്റെ ചില ഭക്ഷ്യവിഭവങ്ങള്‍ ബ്രാന്‍ഡിംഗ്‌ നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.


എട്ടു വേദികളിലായി സംഘടിപ്പിക്കുന്ന ട്രേഡ്‌ ഫെയറുകളില്‍ 425 സംരംഭകര്‍ പങ്കെടുക്കും. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാര, ഹോസ്‌പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ സംരംഭങ്ങളുടെ ബിസിനസ്‌ ടു ബിസിനസ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നുണ്ട്‌.


നാളത്തെ കേരളം എങ്ങനെയാകണം എന്നതാണ്‌ ഇതില്‍ തീരുമാനിക്കാന്‍ പോകുന്നത്‌. ജാതീയതയുടേയും ജന്മിത്വത്തിന്റേയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച്‌ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന്‌ ലോകം അറിയേണ്ടതുണ്ട്‌. മതവര്‍ഗീയതയ്‌ക്ക്‌ ഈ നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയേണ്ടതുണ്ട്‌. സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ട്‌. അതിനുള്ള അവസരമാണ്‌ കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്‌. മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K