28 October, 2023 09:27:05 AM
ധനപ്രതിസന്ധി: മന്ത്രിസഭ ഉപസമിതി യോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ വാഗ്വാദം
തിരുവനന്തപുരം: നെല്ല് സംഭരണം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ വാഗ്വാദം. നെല്ല് സംഭരിച്ച വകയില്‍ ബാങ്ക് കണ്‍സോര്‍ട്യത്തിനും സപ്ലൈകോക്കും നല്‍കാനുള്ള പണം ഖജനാവിലില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും കണ്‍സോര്‍ട്യത്തില്‍നിന്ന് വാങ്ങിയ 2500 കോടി രൂപ തിരികെ നല്‍കാതെ സഹകരണസംഘങ്ങള്‍ക്ക് നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും പറഞ്ഞതോടെ നെല്ല് സംഭരണ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
വരുന്ന സീസണ്‍ മുതല്‍ സഹകരണസംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനായിരുന്നു മന്ത്രിസഭ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ അധ്യക്ഷതയില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍, കൃഷിമന്ത്രി പി. പ്രസാദ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, സഹകരണ മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു എന്നിവര്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നത്.
കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലും കൊയ്യാനുള്ള നെല്ലും ഉള്‍പ്പെടെ ഈടുവെച്ചാണ് ബാങ്ക് കണ്‍സോര്‍ട്യത്തില്‍നിന്ന് സപ്ലൈകോ 2500 കോടി കടമെടുത്തതെന്ന് മന്ത്രി അനില്‍ അറിയിച്ചു. പണം അടച്ചുതീര്‍ക്കാതെ മറ്റൊരു ഏജൻസിക്ക് നെല്ല് സംഭരിക്കാനാകില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 2011-2022 കാലയളവിലെ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈകോക്ക് കിട്ടാനുള്ള 1055 കോടിയെങ്കിലും നല്‍കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും കൃഷിമന്ത്രി പി. പ്രസാദും ധനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും പണമില്ലെന്നായിരുന്നു മറുപടി. ഇതോടെ ചര്‍ച്ച തര്‍ക്കത്തിലേക്ക് വഴിമാറി.
മറ്റ് പല കാര്യങ്ങള്‍ക്കും വായ്പ അനുവദിക്കുന്ന ധനവകുപ്പ് എന്തുകൊണ്ട് കര്‍ഷകരെ അവഗണിക്കുന്നെന്ന് സി.പി.ഐ മന്ത്രിമാര്‍ ചോദിച്ചു. ഇതിന് വ്യക്തമായ മറുപടി ധനമന്ത്രി നല്‍കിയില്ല. കണ്‍സോര്‍ട്യം വായ്പ കൂടാതെ നെല്ല് സംഭരിച്ച വകയില്‍ കേരള ബാങ്കിന് 534.72 കോടി കുടിശ്ശികയുണ്ടെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഈ പണം നല്‍കിയാല്‍ അടുത്ത സീസണില്‍ കേരള ബാങ്കിന്‍റെ സഹായം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിനും പണമില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
ഒരു ക്വിന്‍റല്‍ (100 കിലോ) നെല്ലിന് 68 കിലോ അരി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ. കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് 64.5 കിലോയാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചത്. കേന്ദ്ര വ്യവസ്ഥപ്രകാരം മില്ലുടമകള്‍ നെല്ലെടുക്കില്ല. 3.5 കിലോയുടെ കുറവ് പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കുന്ന ധനവിഹിതമാണ് ഔട്ട് ടേണ്‍ റേഷ്യോ. നിലവില്‍ കിലോക്ക് 28.20 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. ഇതില്‍ 20.40 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. എന്നാല്‍, 12 വര്‍ഷമായി സംസ്ഥാന വിഹിതമായ 725 കോടിയും ഔട്ട് ടേണ്‍ റേഷ്യോ ഇനത്തിലുള്ള 330 കോടിയും ധനവകുപ്പ് സപ്ലൈകോക്ക് നല്‍കിയിട്ടില്ലെന്ന് ജി.ആര്‍. അനില്‍ ചൂണ്ടിക്കാട്ടി. ഇതിലും വ്യക്തമായ മറുപടി ധനമന്ത്രിയില്‍നിന്നുണ്ടായില്ല.
വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കണ്‍സോര്‍ട്യം പ്രതിനിധികളുമായി ചീഫ് സെക്രട്ടറിയോട് വീണ്ടും ചര്‍ച്ച നടത്താൻ യോഗം ആവശ്യപ്പെട്ടു. ചര്‍ച്ച നടന്നെങ്കിലും ബാങ്ക് പ്രതിനിധികള്‍ വഴങ്ങിയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വീണ്ടും പണം കിട്ടാതെ വരുമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ധനമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകാതെ വന്നതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു.