19 October, 2023 10:50:26 AM


തെളിവുകൾ നൽകിയില്ല: കൈതോലപ്പായ കേസ് അവസാനിപ്പിച്ച് പൊലീസ്



തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം ഉന്നതർ രണ്ടരകോടി രൂപ കടത്തിയെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന കേസ് അവസാനിപ്പിച്ചു. കൈതോലപ്പായ വിവാദത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നു പറയാനില്ലെന്നാണ് ചോദ്യം ചെയ്യലിൽ നൽകിയ മറുപടിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ അന്വേഷണത്തിന് സാധുതയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തന്‍റെ പോസ്റ്റ് എടുത്ത് ആരും ഉപയോഗിക്കണ്ടെന്ന് ശക്തിധരൻ പൊലീസിനോട് പറഞ്ഞു. ആരുടേയും പേര് മൊഴിയായി പറഞ്ഞിട്ടില്ല. തെളിവുകളും നൽകിയിട്ടില്ല. തുടർന്ന് അന്വേഷണത്തിനുള്ള സാധുത ഇല്ലാത്ത സാഹചര്യത്തിലാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്.

കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപിയുടെ പരാതിയിലാണ് കൈതോലപ്പായ കേസ് ഉയർന്നുവന്നത്. ഡിജിപിക്കാണ് ബെന്നി ബഹനാൻ പരാതി നൽകിയത്. തുടർന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിനു ഡിജിപി പരാതി കൈമാറി. അദ്ദേഹമാണു കന്‍റോൺമെന്‍റ് എസിയെ ഏൽപിച്ചത്.

ബെന്നിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിനും ഫെയ്സ്‌ബുക് പോസ്റ്റിനപ്പുറമുള്ള തെളിവുകളൊന്നും അദ്ദേഹത്തിന് പൊലീസിന് നൽകാനായിരുന്നില്ല. ഇനി ആരെങ്കിലും പുതിയ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചാലും ഈ റിപ്പോർട്ട് പൊലീസ് അവിടെ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K