18 October, 2023 12:54:39 PM


അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത



തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും  മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദമായി  മാറി. അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും, തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു  മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി ഒക്ടോബർ 20 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും. അതിനാല്‍ കേരളത്തിൽ  അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും ഇടത്തരം മഴയ്ക്കും, ഇന്ന്  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K