18 October, 2023 11:57:15 AM


സെക്രട്ടേറിയറ്റ് ഉപരോധിച്ച് യുഡിഎഫ്; നഗരത്തിൽ ഗതാഗത നിയന്ത്രണം



തിരുവനന്തപുരം: റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. 'സര്‍ക്കാരല്ലിത് കൊള്ളക്കാര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.

രാവിലെ 6.30നാണ് ഉപരോധസമരത്തിന് തുടക്കമായത്. പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.  സെക്രട്ടേറിയറ്റിലേക്കുള്ള മൂന്നു ഗേറ്റുകളാണ് പ്രവർത്തകർ ഉപരോധിക്കുന്നത്.

ഉപരോധ സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉപരോധത്തിനു വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയറിൽ ആളെയിറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസ്‌ റോഡിൽ പാർക്ക് ചെയ്യണം. ദേശീയപാത വഴി വരുന്ന വാഹനങ്ങൾ ചാക്ക-പേട്ട വഴിയാണ് എംഎൽഎ ഹോസ്റ്റലിന് മുന്നിലെ ആശാൻ സ്‌ക്വയറിലെത്തേണ്ടത്.

എംസി റോഡ്‌ വഴി വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട്‌- പോത്തൻകോട്‌ -വെട്ടുറോഡ്‌ – കഴക്കൂട്ടം ബൈപാസ്‌ – ചാക്ക- പേട്ട വഴിയാണ് ആശാൻ സ്‌ക്വയറിനു മുന്നിലെത്തേണ്ടതെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു. പ്രവർത്തകർ ഏജീസ്‌ ഓഫിസ്‌ മുതൽ സെക്രട്ടേറിയറ്റിന്‍റെ ആസാദ്‌ ഗേറ്റ് വരെ അണിനിരക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K