18 October, 2023 09:40:01 AM


കരുവന്നൂര്‍ കള്ളപ്പണമിടപാട്: അരവിന്ദാക്ഷന്‍റെ ജാമ്യം തടയാൻ നിര്‍ണായക നീക്കവുമായി ഇഡി



തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ പി.ആര്‍ അരവിന്ദാക്ഷന്‍റെ ജാമ്യം തടയാൻ നിര്‍ണായക നീക്കവുമായി ഇ.ഡി. ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള അരവിന്ദാക്ഷന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ ഇ.ഡി നാളെ കോടതിയെ കേള്‍പ്പിക്കും. ഫോണ്‍ സംഭാഷണങ്ങളില്‍ കമ്മീഷൻ ഇടപാട് സംബന്ധിച്ച്‌ പരാമര്‍ശം ഉണ്ടെന്ന് ഇ.ഡി പറയുന്നു.

വടക്കാഞ്ചേരി നഗരസഭ ഹെല്‍ത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ പി.ആര്‍ അരവിന്ദാക്ഷന് എതിരെയുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി ലോണുകള്‍ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം ഇ.ഡി വെളിപ്പെടുത്തിയത്.

അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകള്‍ നടത്തി. 2013 -14 കാലയളവില്‍ അരവിന്ദാക്ഷനും സതീഷ് കുമാറും വസ്തു വില്‍പ്പനയ്ക്കായി ദുബൈ യാത്ര നടത്തി. എന്നാല്‍ ദുബായ് യാത്രയുടെ വിശദാംശങ്ങള്‍ ചോദ്യം ചെയ്യലിനിടെ അരവിന്ദാക്ഷൻ വെളിപ്പെടുത്തിയിട്ടില്ല. അരവിന്ദാക്ഷൻ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്റ്‌സി കെ ജില്‍സ് 2011 നും 19 നും ഇടയില്‍ 11 ലക്ഷത്തിന്റെ ഭൂമി വില്‍പന നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K