14 October, 2023 07:05:39 PM


ആരു വിചാരിച്ചാലും സഹകരണ മേഖലയെ തകർക്കാനാവില്ല- മന്ത്രി വാസവൻ



കോട്ടയം: സാമൂഹിക പ്രതിബദ്ധതയോടെ കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തളർത്താനോ തകർക്കാനോ ആരു വിചാരിച്ചാലും കഴിയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല സഹകാരിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  

കേരളത്തിൽ കാർഷിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലടക്കം ജനോപകാരപ്രദമായ ജനപക്ഷഇടപെടലാണ് സഹകരണ മേഖല നടത്തുന്നത്. ഇന്ത്യയിലെ സഹകരണനിക്ഷേപങ്ങളിൽ 71 ശതമാനം കേരളത്തിന്റേതാണ്. സഹകരണസ്ഥാപനങ്ങളിലൂടെ 412 ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു. 

സംസ്ഥാനത്തെ ജനസംഖ്യയുടെ 90 ശതമാനവും സഹകരണമേഖലയുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്നവരാണ്. ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും സഹകരണമേഖലയിൽ മികച്ച സേവനം നൽകുന്നു. സ്വകാര്യമേഖല നൽകുന്ന സേവനങ്ങൾ കുറഞ്ഞ നിരക്കിൽ സഹകരണ മേഖല നൽകുന്നു. എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ട്. ഇതു ഭയപ്പെടുന്ന ഒരു വിഭാഗമുണ്ട്. ജനകീയമായ ഈ ബദലിനെ തകർക്കാനാണ് ചിലരുടെ ശ്രമം. ഇതിനു പിന്നിൽ  സ്വകാര്യതാൽപര്യങ്ങളുണ്ട്. ഇത് സഹകരണ മേഖലയ്ക്ക് എതിരാണ്. 

ഇന്ത്യയിൽ 262 ബാങ്കുകൾ ആർ.ബി.ഐ. പിഴ ചുമത്തുകയോ പൂട്ടിക്കുകയോ ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ശരിയായ പരിശോധന ഏതെങ്കിലും ഏജൻസി നടത്തിയതായി കേട്ടിട്ടില്ല. അവിടെ നിക്ഷേപകർക്ക് എന്തു സംഭവിച്ചെന്ന് ആർക്കും അറിയില്ല. ഇവിടെ പക്ഷപാതപരമായ രാഷ്ട്രീയനീക്കമുണ്ട്. ഏതെങ്കിലും ഒരു ബാങ്കിൽ നടന്ന ക്രമക്കേടിന്റെ പേരിൽ മറ്റു സഹകരണസംഘങ്ങളെയും മുഴുവൻ മേഖലയെയും അടച്ചാക്ഷേപിക്കുന്നതും എതിർക്കുന്നതും വലിച്ചിഴയ്ക്കുന്നതും ശരിയല്ല. ഇതിനെതിരേ സഹകാരിസമൂഹം ഒന്നിച്ചു മുന്നോട്ടുപോകും. അതിനുള്ള കരുത്ത് സഹകരണമേഖലയ്ക്കുണ്ട്. ഈ മുന്നേറ്റത്തിന് സഹായകമാകുന്ന പിന്തുണയാണ് എല്ലായിടത്തും സംഗമങ്ങളിൽ കാണുന്നത്. സഹകരണമേഖലയിൽ കുഴപ്പംകാണിക്കുന്നവർക്കെതിരേ കർശനമായ നടപടിയാണ് സ്വീകരിക്കുന്നത്.

സഹകരണസംഘങ്ങളിലെ ക്രമക്കേടുകളും അനഭലഷണീയമായ പ്രവണതകളും ഉണ്ടാകാതിരിക്കാനുള്ള കർശന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിയമസഭ പാസാക്കിയ കേരള സഹകരണസംഘം ഭേദഗതി ബിൽ. 14 ജില്ലകളിലും നിയമസഭ സെലക്ട് കമ്മിറ്റി സിറ്റിംഗ് നടത്തി സഹകാരികളിൽനിന്നും ജനപ്രതിനിധികളിൽനിന്നും വിദഗ്ധരിൽനിന്നും ജനാധിപത്യപരമായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചാണ് എട്ടുമാസത്തിനുള്ളിൽ ബിൽ തയാറാക്കിയത്. 

കൺകറന്റ് ഓഡിറ്റിനു പകരം ടീം ഓഡിറ്റ്, സംഘം ജീവനക്കാരുടെ ബാധ്യത പൊതുയോഗത്തിൽ റിപ്പോർട്ട് ചെയ്യൽ, 10 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് അഞ്ചംഗസമിതിയുടെ ശുപാർശയും ഉത്തരവാദിത്തവും, ക്രിമിനൽ സംഭവങ്ങൾ പൊലിസിന് റിപ്പോർട്ട് ചെയ്യൽ, വിജിലൻസ് സംവിധാനം, പൊതുയോഗത്തിൽ ഡിഫെക്ട് സമ്മറി അവതരിപ്പിക്കലും റിപ്പോർട്ട് നൽകലും, യുവതയ്ക്ക് ഭരണസമിതിയിൽ പ്രാതിനിധ്യം, ഐ.ടി. ഇന്റഗ്രേഷൻ തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ബില്ലിലുണ്ട്. തെറ്റായ പ്രവണതകൾ ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും ബില്ലിലുണ്ട്. ചട്ടം ആക്കപ്പെടുമ്പോൾ ഇതു കൂടുതൽ ശക്തമാകും. നിക്ഷേപകന്‌ സംരക്ഷണമൊരുക്കി നിക്ഷേപ ഗ്യാരണ്ടിസ്‌കീം നടപ്പാക്കിയിട്ടുണ്ട്.

ജനങ്ങൾക്കൊപ്പമാണ് സഹകരണസ്ഥാപനങ്ങൾ നിൽക്കുന്നത്. പ്രളയത്തെത്തുടർന്നും മറ്റുമായി 2300 വീടുകളാണ് സഹകരണമേഖല നിർമിച്ചു നൽകിയത്. ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകി. 282 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് മൊബൈൽ ഫോണിനായി പലിശരഹിത വായ്പ നൽകിയെന്നും മന്ത്രി പറഞ്ഞു. 

 
യോഗത്തിൽ തോമസ് ചാഴികാടൻ എം.പി. അധ്യക്ഷത വഹിച്ചു. കേരളത്തിൽ കാർഷിക മേഖല മുന്നോട്ടുപോകുന്നതിനു പിന്നിലെ മുഖ്യശക്തി സഹകരണമേഖലയാണെന്നും ചിലയിടങ്ങളിലെ പ്രശ്‌നങ്ങളെ മൊത്തം മേഖലയുടെ പ്രശ്‌നമായി ഉയർത്തിക്കാട്ടാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എ.മാരായ സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, എ.വി. റസൽ, അഡ്വ. വി.ബി. ബിനു, അഡ്വ. കെ. അനിൽ കുമാർ, അഡ്വ. റെജി സഖറിയ, അഡ്വ. ജോസ് ടോം, കെ.എം. രാധാകൃഷ്ണൻ, ടി.ആർ. രഘുനാഥൻ, കെ. ജയകൃഷ്ണൻ, ജോസഫ് ഫിലിപ്പ്, റ്റി.വി. ഹരിദാസ്, റ്റി.സി. വിനോദ്, ആർ. ബിജു, ഡോ. പി.കെ. പത്മകുമാർ, സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. സഹകാരികൾ, ജനപ്രതിനിധികൾ, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടക്കം ആയിരങ്ങൾ സംഗമത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K