12 October, 2023 08:11:18 PM
ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നടക്കുന്നത് ഞെട്ടിക്കുന്ന ക്രമക്കേടുകൾ
കോട്ടയം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ക്രമക്കേടുകൾ. പലയിടത്തും കെട്ടിട നിർമ്മാണ പെർമിറ്റുകൾ നൽകുന്നതിനും നിർമ്മാണം പൂർത്തിയായ ശേഷം കെട്ടിടനമ്പർ അനുവദിക്കുന്നതിനും കൈക്കൂലിയ്ക്ക് വേണ്ടി കാലതാമസം വരുത്തുന്നതായി കണ്ടെത്തി.
കെ എം ബി ആർ നിഷ്കർഷിക്കുന്ന പ്രകാരമുള്ള പാർക്കിംഗ്/റാമ്പ്/ബാത്ത് റൂമുകൾ ഇല്ലാത്ത വാണിജ്യ സ്ഥാപനങ്ങൾക്കും ബഹുനിലകെട്ടിടങ്ങൾക്കും സ്ഥലപരിശോധന നടത്തുന്ന ഓവർസീയർമാരും എഞ്ചിനീയർമാരും കൈക്കൂലി വാങ്ങി കെട്ടിട നമ്പർ അനുവദിക്കുന്നതിന് ശുപാർശ നൽകി വരുന്നതായി ശ്രദ്ധയിൽപെട്ടു. ഓവർസീയർമാർ അവരുടെ അധികാര പരിധിയിലുള്ള വാർഡുകളിലെ അനധികൃത നിർമ്മാണം/എക്സ്റ്റെൻഷൻ എന്നിവ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താതെ കെട്ടിട ഉടകളിൽ നിന്നും കൈക്കൂലി വാങ്ങി ഒത്താശbചെയ്ത് കൊടുക്കുന്നതായും കണ്ടെത്തി.
സർക്കാരിന്റെ വിവിധ ധനസഹായപദ്ധതികൾ മുഖേന നിർമ്മിക്കുന്ന ടോയിലെറ്റ്/കിണർ/കന്നുകാലി തൊഴുത്ത് എന്നിവയ്ക്ക് വാല്യൂയേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നു വരുന്നു. എല്ലാ അദ്ധ്യയനവർഷങ്ങളുടെയും ആരംഭത്തിൽ എഞ്ചിനീയർമാർ എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ക്രമക്കേടുകൾ നടന്നു വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന റോഡ് നിർമ്മാണങ്ങളിൽ ഗുണനിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുന്നതായും ടെണ്ടർ ഷെഡ്യൂളുകളിൽ പറഞ്ഞിട്ടുള്ള പ്രകാരമുള്ള കനത്തിലും അളവിലുമല്ല നിർമ്മാണം നടക്കുന്നതെന്നും കണ്ടെത്തി. ഇത്തരം പ്രവൃത്തികളിൽ ഷെഡ്യൂൾ പ്രകാരമുള്ള നിർമ്മാണം നടത്തിയെന്ന് എം ബുക്കിൽ രേഖപ്പെടുത്തി ഉദ്യോഗസ്ഥർ കരാറുകാർക്ക് കൂടുതൽ തുക എഴുതി നൽകുന്നതായും ഇപ്രകാരം അധികമായി നൽകുന്ന തുകയുടെ ഒരു വിഹിതം കൈക്കൂലിയായി ഉദ്യോഗസ്ഥർ വീതിച്ചെടുക്കുന്നതായും പരാതി ഉയർന്നിരുന്നു.
പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ നടക്കുന്ന കെട്ടിട നിർമ്മാണങ്ങളിൽ ഗുണനിലവാരം കുറഞ്ഞ പാറപ്പൊടിയും മറ്റും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാലും ടെണ്ടർ ഷെഡ്യൂൾ പ്രകാരമുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതായി രേഖപ്പെടുത്തി നൽകി കോൺട്രാക്ടർക്ക് ബില്ല് മാറി നൽകാൻ ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നു. നിർമ്മാണസ്ഥലത്ത് നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടു വരുന്നതിന് എഞ്ചിനീയർമാർ കരാറുകാരെ തന്നെ ഏല്പിക്കുകയും ടി സാമ്പിളിന് പകരം ഗുണനിലവാരമുള്ള സാമ്പിൾ ലാബിൽ പരിശോധനയ്ക്കായി ഹാജരാക്കി ഗുണനിലവാരമുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്യുന്നു.
തദ്ദേശസ്വയംഭരണവകുപ്പിൻ കീഴിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഗുണനിലവാര പരിശോധനയ്ക്കായി സർക്കാർ വാങ്ങി നൽകിയിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതെയാണ് ഇത്തരത്തിൽ കരാറുകാരെ ഗുണനിലവാര സർട്ടിഫിക്കറ്റ് വാങ്ങി നൽകുവാൻ ഏല്പിക്കുന്നതെന്നും കണ്ടെത്തി.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അഞ്ച് ലക്ഷത്തിൽ താഴെ അടങ്കൽ തുക വരുന്ന മരാമത്ത് പ്രവൃത്തികൾ 2023 മാർച്ച് 31 വരെ ഇ-ടെണ്ടർ നടപടികളിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിന്റെ മറപിടിച്ച് പല പഞ്ചായത്തുകളിലെയും ടെണ്ടർ നടപടികളിൽ ക്രമക്കേട് നടത്തി പല പ്രവൃത്തികളും സെക്രട്ടറി/എഞ്ചിനീയർമാർ ചില കരാറുകാർക്ക് നൽകിവരുന്നതായും വിവരം ലഭിച്ചിരുന്നു. ഇങ്ങനെ ടെണ്ടർ ചെയ്യുന്ന പല പ്രവൃത്തികളും സ്ഥിരം കരാറുകാർക്ക് മാത്രം ലഭിക്കുന്നതായും കണ്ടെത്തി.