11 October, 2023 07:22:12 PM


മന്ത്രി ശിവന്‍കുട്ടി സത്യപ്രതിജ്ഞാലംഘനം നടത്തി- വി.ഡി സതീശൻ



തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തരമായി പിരിച്ചുവിടാനും സര്‍ക്കാര്‍ തയാറാകണം. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ മന്ത്രി വി. ശിവന്‍കുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരുനിമിഷം സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അല്‍പമെങ്കിലും രാഷ്ട്രീയമര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കില്‍ സ്വയം രാജിവച്ച്‌ പുറത്തുപോയി അന്വേഷണം നേരിടാന്‍ ശിവന്‍കുട്ടി തയാറാകണമെന്നും സതീശൻ പറഞ്ഞു.

മൂന്നരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ്.

യോഗ്യതയുള്ളവരെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നത് യുവജനങ്ങളോടും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്ന ധനവകുപ്പിന്‍റെ നിര്‍ദേശം മറികടന്നാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി ഇടപെട്ടത്. പബ്ലിസിറ്റി അസിസ്റ്റന്‍റ്, പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍, പ്യൂണ്‍ തസ്തികകളില്‍ ഉള്‍പ്പെടെ കിലെയില്‍ 10 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് സംബന്ധിച്ച്‌ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുന്‍കൂര്‍ അനുവാദമില്ലാതെ കിലെയില്‍ നിയമനങ്ങള്‍ പാടില്ലെന്ന 2019 ഓഗസ്റ്റ് 21-ലെ മന്ത്രിസഭാ തീരുമാനത്തെ പോലും മറികടന്നാണ് ശിവന്‍കുട്ടി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. മന്ത്രിസഭാ തീരുമാനം ഒരു മന്ത്രി തന്നെ അട്ടിമറിച്ച സാഹചര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുമുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K