11 October, 2023 04:35:11 PM


കാട്ടാനയെ മയക്കുവെടി വെക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും- എകെ ശശീന്ദ്രൻ



തിരുവനന്തപുരം: കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുക. ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന വിധത്തില്‍ ജനക്കൂട്ടം ഉണ്ടാവരുത്. ആളുകള്‍ കൂടുന്നത് ഈ ഓപ്പറേഷന്‍ നടത്തുന്നതിന് പ്രയാസം ഉണ്ടാക്കുന്നതിനും ആന പ്രകോപിതനാകാനും ഇടവരുത്തും. ആനയെ തുരത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും. എന്നാൽ പിടികൂടാൻ സാധ്യമല്ലാതെ വന്നാൽ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്. അതിനാല്‍ തന്നെ കാട്ടാനയെ പെട്ടെന്ന് വനത്തിലേക്ക് തുരത്തല്‍ വെല്ലുവിളിയാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K