10 October, 2023 06:34:58 PM


ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി



ന്യൂഡല്‍ഹി: ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. വിഷയം പരിഗണിക്കാൻ ഹൈക്കോടതിയാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. കേരളത്തിലെ നാട്ടാനകളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് നീരീക്ഷണം. 

കേരളത്തില്‍ നാട്ടാനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ചട്ടലംഘനങ്ങളാണ് നടക്കുന്നതെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 135 ആനകള്‍ കേരളത്തില്‍ ചരിഞ്ഞതായും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ഈക്കാര്യങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്താനാകുന്നത് ഹൈക്കോടതിക്ക് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

പ്രാധന്യമുള്ള പല വിഷയങ്ങളും രാജ്യത്തുണ്ടെന്നും ഇതില്‍ എല്ലാം സുപ്രീംകോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതികളുടെ തീരുമാനങ്ങളില്‍ പിഴവുണ്ടെങ്കില്‍ ആ കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടല്‍ നടത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം, നാട്ടാനകള്‍ക്ക് എതിരെ രാജ്യവ്യാപകമായി ഉണ്ടാകുന്ന അക്രമങ്ങളെ സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഡിസംബറില്‍ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാൻ മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K