09 October, 2023 05:07:51 PM
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കള്‍ ജാഗ്രത പാലിക്കണം - യുവജന കമ്മിഷന്‍
അദാലത്തില്‍ 12 കേസുകള്‍ തീര്‍പ്പാക്കി
പാലക്കാട്: സംസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ടെന്നും അവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളോട് നല്ല രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നും ശാരീരികമായ അവശത മൂലം അവര്‍ സമൂഹത്തിന്റെ പിന്നിലേക്ക് പോകരുതെന്നും എം. ഷാജര്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് അവര്‍ പരമാവധി കടന്നുവരണം. ഇത് സ്ഥാപനമേധാവികളും അധ്യാപകരും ഗൗരവകരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
യുവജന കമ്മിഷന്റെ ജില്ലാ അദാലത്തില്‍ ആകെ പരിഗണിച്ച 18 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ആറ് കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. നാല് പരാതികള്‍ പുതുതായി ലഭിച്ചു. സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷന്‍ എം. ഷാജര്‍ അധ്യക്ഷനായ അദാലത്തില്‍ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പി. വിനില്‍, സെക്രട്ടറി ഡാര്‍ളി ജോസഫ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, ലീഗല്‍ അഡ്വെസര്‍ അഡ്വ. വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.