08 October, 2023 06:34:58 PM


'ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം'- വി.ഡി. സതീശൻ



തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പിന്നിൽ സിപിഎമ്മും എൽഡിഎഫുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സിപിഎമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകും. അറസ്റ്റിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളുമല്ല ഇതിനെല്ലാം പിന്നിലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖിൽ സജീവ് സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു, ഇയാൾ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഇപ്പോഴും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അഖിൽ സജീവിന്‍റെ സംരക്ഷകർ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോൾ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് മനസിലാവുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K