05 October, 2023 07:09:41 PM


മഹാരാഷ്ട്ര ആശുപത്രിയിലെ കൂട്ട മരണം; ഡോക്‌ടർമാർക്കെതിരെ കേസ്



മുംബൈ: മഹാരാഷ്ട്രയിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ 31 പേർ മരിച്ച സംഭവത്തിൽ ഡോക്‌ടർമാർക്കെതിരെ കേസ്. ആശുപത്രി ഡീനിനെതിരെയും മറ്റൊരു ഡോക്‌ടർക്കുമെതിരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്. 

മരിച്ച 16 നവജാത ശിശുക്കളിൽ ഒരു കുഞ്ഞിന്‍റെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി. 10 വർഷം വരെ തടവ് ലഭിക്കാവുന്ന വുകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഡോക്‌ടർമാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ്  ആരോപണം. 

ആശുപത്രിക്ക് പുറത്ത് മരുന്നുമായി കാത്തുനിന്നുവെങ്കിലും കുഞ്ഞിനെ പരിശോധനിക്കാന്‍ ഡോക്‌ടർ തയ്യാറായിരുന്നില്ല. ഇക്കാര്യം പിന്നീട് ഡീനിനോട് പരാതി പറഞ്ഞങ്കിലും അയാൾ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 7 രോഗികൾ കൂടി മരിച്ച് മരണസംഖ്യ 31 ആയി ഉയർന്നത്. മരുന്ന് ക്ഷാമം മൂലമാണ് മരണമുണ്ടായതെന്ന് ആശുപത്രി അധികൃതർ നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K