04 October, 2023 08:17:35 AM
ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; അഭിഭാഷകൻ റയിസ് പിടിയിൽ
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. റയിസ് എന്നയാളാണ് അറസ്റ്റിലായത്. പരാതിക്കാരനായ ഹരിദാസന്‍റെ മരുമകൾക്ക് ആയുഷ് മിഷനിലേക്കു ലഭിച്ച പോസ്റ്റിങ് ഓർഡർ ഒരു വ്യാജ ഇമെയിലിലൂടെയാണ് വന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇമെയിൽ നിർമിച്ചത് റയിസാണെന്ന നിഗമനത്തിലാണ് അറസ്റ്റ്.
ആയുഷ് മിഷന്‍റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കിയ റയിസിനു ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കന്‍റോണ്‍മെന്‍റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരൻ ഹരിദാസന്‍റെ സുഹൃത്തും മുൻ എഐഎസ്എഫ് മലപ്പുറം ജില്ലാ നേതാവുമായ കെ.പി.ബാസിതിനെ ചോദ്യംചെയ്ത് വിട്ടയച്ചു.
നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട അഖിൽ സജീവന്‍റെയും ലെനിന്‍റെയും അടുത്ത സുഹൃത്താണ് റയിസ്. കോഴിക്കോട്ടെ അഭിഭാഷകനാണ്. റെയീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബാസിതിനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനാണു പൊലീസ് നീക്കം.
അതേസമയം, ആരോപണം ഉന്നയിച്ച ഹരിദാസനെയും തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഹരിദാസനെ വീണ്ടും മൊഴിയെടുക്കാനായി തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ എത്താന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം ഹരിദാസന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പൊലിസ് അറിയിച്ചു. ഇയാൾ ഒളിവിലായിരിക്കാമെന്നാണ് വിലയിരുത്തൽ.