03 October, 2023 12:37:51 PM


വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവ്; ഗൂഢാലോചനയില്‍ അന്വേഷണം



തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്‍റെ പേരിലെ നിയമന തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതോടെ അന്വേഷണം പുതിയ ദിശയിലേക്ക്. വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവ്. തട്ടിപ്പ് നടന്നത് ബാസിതിന്‍റെ അറിവോടെയെന്ന് നിഗമനം. ഹരിദാസിന്‍റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ പൊലീസ് ഗൂഢാലോചന അന്വേഷിക്കും.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതെങ്കിലും ഗൂഢാലോചന നടന്നോ എന്നതാണ് പൊലീസ് പരിശോധിച്ചുവരുന്നത്. അഖില്‍ മാത്യുവിന് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അഖില്‍ മാത്യു ഹരിദാസനെ സമീപിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും സിസിടിവിയില്‍ നിന്ന് ലഭ്യമായിട്ടില്ല. ആള്‍മാറാട്ടം അടക്കം പൊലീസ് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഹരിദാസില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഖില്‍ സജീവിനേയും, ലെനിന്‍ രാജിനെയും കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.  ലെനിന്‍രാജ് 50,000 രൂപയും അഖില്‍ സജീവ് 25,000 രൂപയും ആണ് കോഴപ്പണമായി ഹരിദാസില്‍ നിന്ന് കൈപ്പറ്റിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു ആരോപണവിധേയനായ ബാസിത് പണം വാങ്ങിയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലാത്തതിനാല്‍ പ്രതി ചേര്‍ത്തിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K