03 October, 2023 12:04:39 PM


വിദേശ ഫണ്ടിംഗ്: സീതാറാം യെച്ചൂരിയുടെ വസതിയില്‍ ഡൽഹി പൊലീസ് റെയ്ഡ്



ന്യൂഡൽഹി: ഡൽഹിയിൽ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയിലും റെയ്ഡ്. ഡൽഹി പൊലീസാണ് റെയ്ഡ് നടത്തുന്നത്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന.

അതേ സമയം, ന്യൂസ് ക്ലിക്കിന് പണം നൽകിയ അമേരിക്കൻ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്ന് വ്യക്തമാക്കിയ ഇഡി കാരാട്ടിന്‍റെ ഇ മെയ്‌ലും പരിശോധിച്ചതായി വ്യക്തമാക്കി.

ഡൽഹി പൊലീസ് രാവിലെ നടത്തിയ വ്യാപക റെയ്ഡില്‍ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തിരുന്നു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായാണ് പൊലീസ് വ്യക്തമാക്കിയത്. റെയ്ഡില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല . ഡൽഹിയിലെ റെയ്ഡിനോട് അനുബന്ധ റെയ്ഡ് ടീസ്ത സെതൽവാദിന്‍റെ മുംബൈയിലെ വസതിയിലും നടന്നു. ഡൽഹി പോലീസ് ടീസ്തയെ ചോദ്യം ചെയ്തു.

യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ഡൽഹി പൊലീസിന്‍റെ റെയ്ഡ് നടക്കുന്നത്. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്‍റെ എക്സ് ഹാൻഡിൽ സസ്പെൻഡ് ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K