02 October, 2023 07:02:39 PM
നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ് ഗോപിക്കും ബിജെപിക്കും വിശ്രമമില്ല- കെ.സുരേന്ദ്രൻ
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ് ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കവർന്ന കള്ളൻമാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങൾക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല. ബിജെപിയുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല. ഈ പദയാത്രയിൽ എല്ലാ പാർട്ടിക്കാരുമുണ്ട്.
സഹകരണ മേഖലയെ സുതാര്യമാക്കാനും ശക്തിപ്പെടുത്താനുമാണ് സുരേഷ്ഗോപി പദയാത്ര നടത്തുന്നത്. പാവപ്പെട്ടവന്റെ ചോരയും നീരുമാണ് സഹകരണ ബാങ്കിന്‍റെ അടിത്തറ. അഴിമതിക്കെതിരെ പോരാടുന്നതും പാവപ്പെട്ട സഹകാരികളാണ്. അഴിമതി പുറത്തെത്തിച്ചത് മാദ്ധ്യമങ്ങളോ രാഷ്ട്രീയ പാർട്ടികളോ അല്ല. കരുവന്നൂരിലെ നിക്ഷേപകരാണ്. അവർ ആദ്യമായി പരാതി കൊടുത്തത് സിപിഎമ്മിനാണ്. എന്നാൽ പാർട്ടി അവരെ ചതിച്ചു. അന്വേഷണ ഏജൻസികളെ സമീപിക്കേണ്ടി വന്നപ്പോൾ ബാങ്ക് ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരെ രക്ഷിക്കുകയായിരുന്നു സംസ്ഥാന ഏജൻസികൾ ചെയ്തത്. കരുവന്നൂർ സമരം സുരേഷ്ഗോപിക്ക് വഴിയൊരുക്കാനല്ല. പാവപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനാണ്. സുരേഷ്ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിക്ക് ഇഡിയുടെ സഹായം ആവശ്യമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിൻ്റെ സഹകരണ ബാങ്കുകൾക്കുള്ള പൊതു സോഫ്റ്റ് വെയർ അംഗീകരിച്ചപ്പോൾ കേരളം മാത്രം എതിർത്തത് സഹകാരികളോടുള്ള വഞ്ചനയാണ്. പൊതു സോഫ്റ്റ് വെയർ ഉണ്ടായിരുന്നെങ്കിൽ സഹകാരികൾക്ക് പണം നഷ്ടപ്പെടില്ലായിരുന്നു. എന്നാൽ തട്ടിപ്പ് നടത്തിയാൽ പിടിവീഴുമെന്ന് മനസിലാക്കിയാണ് സംസ്ഥാന സർക്കാർ അതിനെ എതിർത്തത്.
നോട്ട്നിരോധനത്തിന്‍റെ സമയത്ത് ചാക്കിൽക്കെട്ടിയാണ് സഹകരണ ബാങ്കിൽ കോടികളുടെ പണമിടപാട് നടന്നത്. ആ കൊള്ള അന്ന് തടഞ്ഞിരുന്നെങ്കിൽ ഇന്ന് ഈ ദുരന്തം ഉണ്ടാവുമായിരുന്നില്ല. കരുവന്നൂരിന്‍റെ പങ്ക് പറ്റിയവർ കണ്ണൂരുമുണ്ട്. രാമനിലയത്തിലേക്ക് വിളിച്ച് കണ്ണനോട് മുഖ്യമന്ത്രി പറഞ്ഞത് തന്നെ ഒറ്റിക്കൊടുക്കരുതേ എന്നാണ്. കരുവന്നൂർ തകർന്നത് പോലെ കേരള ബാങ്കിനെയും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സഹകരണ ബാങ്കുകൾ പൂട്ടാൻ ബിജെപി അനുവദിക്കില്ലെന്ന് പദയാത്ര നയിക്കുന്ന സുരേഷ്ഗോപി പറഞ്ഞു. പാവപ്പെട്ടവർക്ക് അവരുടെ നിക്ഷേപം തിരികെ കൊടുത്തേ തീരൂ. പദയാത്ര രാഷ്ട്രീയ പ്രേരിതമല്ല. അങ്ങനെ പറയുന്നത് അഴിമതി മറയ്ക്കാൻ വേണ്ടിയാണ്. മനുഷ്യർക്ക് വേണ്ടിയാണ് താൻ നടക്കുന്നതെന്നും അതിന് എല്ലാ വിഭാഗം മനുഷ്യരുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ നിന്നും ആരംഭിച്ച പദയാത്രയിൽ ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. സംസ്ഥാന ജനറൽസെക്രട്ടറി എംടി രമേശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ ശോഭാ സുരേന്ദ്രൻ, ബി.ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.