01 October, 2023 04:39:46 PM
മലയാളിയുടെ ശുചിത്വബോധം പരിസരശുചീകരണത്തിലും എത്തണം - മന്ത്രി വിഎൻ വാസവൻ
കോട്ടയം: നമ്മൾ മലയാളികൾ രണ്ടു നേരവും മൂന്നുനേരവും കുളിക്കാൻ റെഡിയാണ്. വ്യക്തി ശുചിത്വത്തിൽ നമ്മൾ മറ്റുള്ളവർക്ക് മാതൃകയാണ്. പക്ഷെ ആ ശുചിത്വബോധവും ശീലവും നമ്മുടെ പരിസരശുചിത്വത്തിൽ ഇല്ല എന്നത് സത്യമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ആരംഭിച്ച വൃത്തി 2003 കാമ്പയിന്റെ ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ മാലിന്യം എന്റെ ഉത്തരവദിത്തമാണ് എന്നകാര്യം നമ്മൾ ഓർമിക്കണം. അതിൽ അടിയുറച്ചു നിന്നുകൊണ്ടുവേണം നമ്മൾ ശുചിത്വശീലത്തിലേക്ക് എത്തേണ്ടത്. ശുചിത്വം ഒരു സംസ്‌കാരമായി മാറേണ്ടതാണ്.
വിദേശങ്ങളിൽ കുട്ടികളടക്കമുള്ളവർ പൊതുഇടങ്ങളിൽ കടലാസുകൾ ഇടില്ല, നമ്മളോ. ശുചിത്വബോധം ഇളംകുഞ്ഞു മനസുകളിലേക്ക് എത്തിക്കുന്നതിന് സ്‌കൂൾതലം മുതൽ പരിസര ശുചീകരണ ശീലം കൂടി പഠിപ്പിക്കുകയാണ് ഇവിടെ അതിന്റെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അങ്കണവാടി മുതൽ കോളജ് തലം വരെ കുട്ടികളിലേക്ക് ശുചിത്വശീലവും വൃത്തി കാമ്പയനിന്റെ ശീലങ്ങളും എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആശുപത്രികളിലെയും പൊതുസ്ഥലങ്ങളിലെയും ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിൽ പോലും അശ്രദ്ധമായാണ് നമ്മൾ പെരുമാറുന്നത്. ടോയ്‌ലറ്റിൽ പോയാൽ വെള്ളം ഒഴിക്കുന്ന ശീലം പോലും പലരും കാട്ടാറില്ലെന്നത് അനുഭവങ്ങളിലൂടെ നാം അറിയുന്നുണ്ട്.
മാലിന്യം വലിച്ചെറിയൽ ശീലമാണ് ഏറ്റവും ഗുരുതരം. പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യങ്ങളാൽ നിറയുമ്പോൾ മറ്റ് ജീവജാലങ്ങളുടെ അതിജീവനം അസാധ്യമാകും. വലിച്ചെറിയൽ ശീലത്തിന് മാറ്റംവരണം. കടലാസ് ആയാലും, പ്ളാസ്റ്റിക്ക് ആയാലും ജൈവ മാലിന്യങ്ങൾ ആയാലും കൃത്യമായി തരംതിരിച്ച് സംസ്‌കരിച്ച് മാലിന്യമുക്തമായ നാട് സൃഷ്ടിക്കാൻ നമ്മളുടെ കൂട്ടായ പ്രവർത്തനത്തിന് കഴിയണം.
ദീർഘനാൾ നീണ്ടു നിൽക്കുന്ന കാമ്പയിനാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഒരുമിച്ച് നിന്ന് ഇക്കാര്യത്തിൽ മുന്നേറാൻ നമ്മുടെ നിയോജകമണ്ഡലത്തിന് കഴിയണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമിടുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മൾക്ക് മുന്നേറാൻ കഴിയും. മാലിന്യമുക്തമായി മാറ്റുന്ന ഇടങ്ങളിൽ പിന്നീട് മാലിന്യങ്ങൾ ഇടുന്നത് തടയുന്നതിന് ജനകീയമോണിട്ടറിങ്ങും സോഷ്യൽഓഡിറ്റിങ്ങും ഉണ്ടാവും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ എൻ എസ് എസിന്റെ പിൻതുണയോടെ സ്നേഹാരാമങ്ങൾ ഒരുക്കുന്നുണ്ട്.
ആരോഗ്യ മേഖലയിൽ കേരളം ആഗോള മാതൃകയാണ്. അതിൽ പ്രമുഖമായ പങ്ക് കോട്ടയം മെഡിക്കൽ കോളജിനുണ്ട്്. അതുകൊണ്ടാണ് ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള ജനകീയ ശുചീകരണം പ്രവർത്തനങ്ങൾക്ക് ഈ കാമ്പസിൽ നിന്ന് തുടക്കം കുറിക്കുന്നത്. നമ്മുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ മറ്റൊരു അനുകരീണയ മാതൃകയായി മാറേണ്ടതുണ്ട്. മാലിന്യമുക്തമായ നാട് സാധ്യമാവുമ്പോൾ ആരോഗ്യമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും. അതിലൂടെ രോഗങ്ങളെ കുറയ്ക്കാനും സാധിക്കും.
ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്നാണ് കവി നമ്മോടു ചോദിച്ചത്. സാധ്യമാവും എന്നു നമ്മൾ മറുപറയേണ്ടതുണ്ട്. നമ്മുടെ അടുത്ത തലമുറയ്ക്കു വേണ്ടി ആരോഗ്യമുള്ള അന്തരീക്ഷത്തെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തമാണ് വൃത്തി 2003 ഓരോരുത്തരും ഏറ്റെടുക്കുന്നത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ മണ്ഡലമായി മാറാൻ ഏറ്റുമാനൂരിന് കഴിയണം. അതിനായി ഒറ്റക്കെട്ടായി നീങ്ങുകയാണ് 'വൃത്തി'യിലൂടെ നമ്മൾ. മാലിന്യസംസ്‌ക്കരണത്തിന് നവസംസ്‌ക്കാരം രൂപപ്പെട്ടില്ലെങ്കിൽ നമ്മുടെ അതിജീവനം തന്നെ സാധ്യമാകാതെ വരുമെന്ന് തിരിച്ചറിയണമെന്നും എല്ലാവരും കാമ്പയിന്റെ ഭാഗമാകണമെന്നും ശുചീകരണം തുടർപ്രവർത്തനമാക്കാൻ നാട് ഒന്നിച്ചിറങ്ങണമെന്നും മന്ത്രി പറഞ്ഞു.