25 September, 2023 09:13:55 PM


ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു



കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് ജാമ്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റില്ലായ ഗ്രീഷ്മ പതിനൊന്ന് മാസമായി ജയിലിലാണ്.

കാമുകനായ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഗ്രീഷ്മയുടെ ഹര്‍ജി പരിഗണിച്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 നായിരുന്നു ഗ്രീഷ്മ കാമുകനായ ഷാരോണിന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്. ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കെ ഷാരോണ്‍ മരിച്ചു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K