23 September, 2023 01:06:54 PM


അനിലിന് ബിജെപിയില്‍ അവസരങ്ങള്‍ ലഭിക്കും; കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞ് എലിസബത്ത്



തിരുവനന്തപുരം: അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തില്‍ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്‍റണി. അനില്‍ ആന്‍റണിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉള്‍ക്കൊള്ളുന്നു. ബിജെപിയില്‍ നിരവധി അവസരങ്ങള്‍ അനില്‍ ആന്‍റണിക്ക് ലഭിക്കുമെന്നും എലിസബത്ത് ആന്‍റണി പറഞ്ഞു. എകെ ആന്‍റണി പ്രാര്‍ഥനയിലൂടെയാണ് ആത്മവിശ്വാസവും ആരോഗ്യം വീണ്ടെടുത്തത്. കൃപാസനത്തില്‍ അനുഭവസാക്ഷ്യം പറയുകയായിരുന്നു എലിസബത്ത്. 

'എന്‍റെ ഭര്‍ത്താവ് അവിശ്വാസിയാണ്. അത് പരിഹരിച്ച് ഭര്‍ത്താവിന്‍റെ കാലിന് സ്വാധീനം കൊടുക്കണം. അദ്ദേഹം രാഷ്ട്രീയത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിരമിച്ചിരിക്കുകയാണ്. എനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്‍റെ ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്തായാലും ഈ പതിനഞ്ചാം തീയതി അത്ഭുതകരമാം വിധം വീണ്ടും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അത് സ്വീകരിച്ചു. പിന്നീട് ആത്മവിശ്വാസം തിരിച്ചുവന്നു. തനിയെ യാത്ര ചെയ്തു. 15 ാം തിയ്യതി ഹൈദരാബാദിലെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തനിയെ യാത്ര ചെയ്ത് പോയി തിരിച്ചെത്തി.

രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നത് മൂത്ത മകന്റെ വലിയ സ്വപ്‌നമായിരുന്നു. അവന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പീന്നീട് പഠനത്തിനായി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി. പഠിത്തം കഴിഞ്ഞ് ജോലിയും കിട്ടിയതാണ്. രാഷ്ട്രീയത്തില്‍ താല്‍പര്യം ഉള്ളതുകൊണ്ട് തിരിച്ചുവന്നതാണ്. പക്ഷേ രാഷ്ട്രീയ പ്രവേശനം തടസം മാറ്റാനാണ് ഞാന്‍ രണ്ടാമത്തെ നിയോഗം വെച്ചത്. വര്‍ക്കിംഗ് കമ്മിറ്റിയില്‍, ചിന്തന്‍ ശിബിരില്‍ മക്കള്‍ രാഷ്ട്രീയത്തിന് എതിരായി പ്രമേയം പാസാക്കി. രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയ പ്രവേശനം നടത്താനാകില്ലെന്ന് അതിലൂടെ മനസ്സിലായി. ഭര്‍ത്താവ് അതിന് വേണ്ടി പരിശ്രമിച്ചിട്ടില്ല.' എലിസബത്ത് ആന്റണി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K