17 September, 2023 12:53:24 PM


പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പതാക ഉയർത്തി ഉപരാഷ്ട്രപതി



ന്യൂ‍ഡല്‍ഹി: പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് പതാക ഉയർത്തിയത്.ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിങ്, സ്റ്റേറ്റ് പാർലമെന്ററി കാര്യമന്ത്രിമാരായ അർജുൻ റാം മെഘാവാൾ, വി മുരളീധരൻ, ലോക്സഭാ രാജ്യസഭാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

5 ദിവസത്തെ പ്രത്യേക സമ്മേളനത്തിനു ഒരു ദിവസം മുൻപേയാണ് പുതിയ മന്ദിരത്തിൽ പതാക ഉയർത്തുന്നത്. പാർലമെന്‍റ് പ്രത്യേക സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിലായിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ലോക് സഭാ സെക്രട്ടേറിയറ്റ് പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിവരം പുറത്തു വിട്ടിരിക്കുന്നത്.

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരാബാദിൽ നടക്കുന്നതിനാൽ മല്ലികാർജുൻ ഖാർഗെ ചടങ്ങിൽ പങ്കെടുത്തില്ല. ചടങ്ങിലേക്ക് ഒടുവിലായി ക്ഷണിക്കപ്പെട്ടതിലുള്ള അതൃപ്തി ഖാർഗെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17ന് തന്നെ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പതാക ഉയർത്തിയതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K