13 September, 2023 12:16:21 PM


സോളാര്‍: പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നു- ടി ജി നന്ദകുമാര്‍



കൊച്ചി: രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍. ഇതിനായി അവരുടെ ആളുകൾ തന്നെ സമീപിച്ചിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു. അവർ കത്ത് വിഎസ് അച്ചുതാനന്ദനെ ഏൽപ്പിക്കണമെന്ന കാര്യം പറഞ്ഞു. കത്ത് സംഘടിപ്പിക്കാൻ വിഎസും പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു. സോളാർ കേസിൽ സി ബി ഐ കാര്യമായി ഒന്നും ചെയ്തില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു. സോളാർ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു നന്ദകുമാർ. 

സോളാര്‍ കേസില്‍ പരാതിക്കാരിയുടേതായി തനിക്ക് ലഭിച്ച രണ്ട് കത്തുകളില്‍ ഒന്നില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നു.  രണ്ട് കത്തുകളാണ് തനിക്ക് ലഭിച്ചത്. അതില്‍ ഒന്നില്‍ 19 പേജും മറ്റൊന്നില്‍ 25 പേജും ഉണ്ടായിരുന്നു. രണ്ടാമത്തെ കത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ ശാരീരികമായി ബുദ്ധിമുട്ടിച്ചതായി പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ടെന്നും നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കത്തുകളുടെ കാര്യം താന്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചെന്നും തുടര്‍ന്നു കത്ത് കൈമാറിയെന്നും ഈ കത്തിന്‍റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നന്ദകുമാര്‍ പറഞ്ഞു. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് പിന്നാലെ പരാതിക്കാരി കാണാന്‍ പോയിരുന്നു.

ഉമ്മന്‍ചാണ്ടി ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചതായി അവര്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സഹായം ചെയ്തു നല്‍കിയിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ശരണ്യ മനോജും അതിജീവിതയും തന്നെ കാണാന്‍ വന്നപ്പോള്‍ അമ്മയുടെ ചികിത്സയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് അതിജീവിതയ്ക്ക് താന്‍ പണം നല്‍കിയത്. അല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും ഈ കത്തിന്‍റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K