12 September, 2023 11:45:40 AM
പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സ്‌റേ യന്ത്രം കേടായ സംഭവം: വിജിലന്‍സ് അന്വേഷിക്കും
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്സ് റേ മെഷീൻ എലി കടിച്ചുമുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തും.
എലി കടിച്ച് നശിപ്പിച്ചതിനെ തുടർന്ന് യന്ത്രം ഉപയോഗിക്കാനായിരുന്നില്ല. സംഭവം നേരത്തെ വിവാദമായിരുന്നു. എലി കടിച്ച് നശിപ്പിച്ച യന്ത്രത്തിന്‍റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സംഭവം അന്വേഷിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകി.
2021 മാർച്ചിലാണ് സ്വകാര്യ കമ്പനി പാലക്കാട് ജില്ലാ ആശുപത്രിക്ക് ഏകദേശം ഒരു കോടി വിലയുള്ള എക്സ് റേ യന്ത്രം സൗജന്യമായി നൽകിയത്. യന്ത്രം നൽകിയാൽ അനുബന്ധ സൗകര്യം ആശുപത്രി അധികൃതർ ഒരുക്കണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ പാലിച്ചില്ല.
എലി, പാറ്റ തുടങ്ങിയ ജീവികൾ യന്ത്രം നശിപ്പിച്ചാൽ വാറന്റി ലഭിക്കില്ലെന്നതും തിരിച്ചടിയായി. കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നും ആരോപണമുയർന്നു. ഇത്രയും വിലയുള്ള യന്ത്രം സൗജന്യമായി ലഭിച്ചിട്ടും കൃത്യമായി ഉപയോഗിക്കാതെ വെറുതെയിട്ടതിനും വിമർശനമുയർന്നു.