10 September, 2023 02:20:35 PM
നിയമസഭ കൈയാങ്കളിക്കേസ്: 2 കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും
തിരുവനന്തപുരം: വിവാദമായ നിയമസഭാ കൈയാങ്കളി കേസിൽ 2 കോൺഗ്രസ് മുന്‍ എംഎൽഎമാരെ പ്രതിചേർക്കും. എംഎ വാഹിദ്, ശിവദാസ് നായർ എന്നിവരെകൂടി പ്രതിചേർത്തുകൊണ്ട് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.
വനിത എംഎൽഎയെ തടഞ്ഞു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ ഇടതു നേതാക്കൾ മാത്രം പ്രതികളായിരുന്ന കേസിലാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്തിരിക്കുന്നത്.
നേരത്തെ മന്ത്രി വി ശിവന്‍കുട്ടിയും ഇടതുമുന്നണി കൺവീനിയർ ഇപി ജയരാജനുമടക്കം 6 എൽഡിഎഫ് നേതാക്കൾക്കതിരെ മാത്രമായിരുന്നു കേസ്. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് തുടരന്വേഷണം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കേടതിയെ സമീപിച്ചത്.
അന്നത്തെ ഭരണപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടത് വനിത എംഎൽഎമാരുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിന് അനുമതി തേടിയത്.
2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണു കേസ്. ഇടതു നേതാക്കളായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന് എന്നിവരാണ് കേസിലെ പ്രതികള്‍.
വിവാദമായ നിയമസഭാ കൈയാങ്കളി കേസിലെ രണ്ടാം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തുടരന്വേഷണം അവസാന ഘട്ടത്തിലെന്നു പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സെപ്റ്റംബര്‍ എട്ടിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.