07 September, 2023 01:16:57 PM


സൗരദൗത്യത്തിനിടെ സെൽഫിയെടുത്ത് 'ആദിത്യ എൽ 1'



ചെന്നൈ: രാജ്യത്തിന്‍റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. എൽ 1 ന് ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലേക്കുള്ള യാത്രക്കിടെ ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടേയും ചന്ദ്രന്‍റേയും ചിത്രവുമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിന്‍റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ എൽ 1 കുതിച്ചുയർന്നത്. 125 ദിവസമെടുത്ത് 15 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക.

വിക്ഷേപണത്തിനു ശേഷം ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ അകലമായ 19,500 കിലോമീറ്ററും കുറഞ്ഞ അകലമായ 253 കിലോമീറ്ററും വരുന്ന ദീർഘ വൃത്ത ഭ്രമണപഥത്തിൽ എത്തുന്ന പേടകത്തെ പിന്നീട് ഘട്ടം ഘട്ടമായി ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്നാണ് പ്രതീക്ഷ. ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്‍റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ.

സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്‍റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ 4 പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K