02 September, 2023 03:55:54 PM
പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിക്കണം- വൈദ്യുതിമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം വൈദ്യുതി നിയന്ത്രണമില്ലന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിച്ചാല്‍ ലോഡ് ഷെഡ്ഡിങ്ങോ പവര്‍ കട്ടോ ഇല്ലാതെ മുന്നോട്ടുപോവാനാവുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി.
പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. നിയന്ത്രണമില്ലാതെ മുന്നോട്ടുപോയാല്‍ എന്തു ചെയ്യാനാവും? അതിനിടയില്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലില്ല. ഉത്പാദന മേഖലയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നതാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം പഠിക്കേണ്ട പാഠമെന്ന് മന്ത്രി പറഞ്ഞു. 3000 ടിഎംസി വെള്ളമുണ്ടായിട്ടും 300 ടിഎംസി മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി നാം ഉപയോഗിക്കുന്നത്. ഒരു പുതിയ ജലവൈദ്യുതി പദ്ധതിയെക്കുറിച്ച് ചര്‍ച്ച വരുമ്പോള്‍ പോലും ഇവിടെ വിവാദങ്ങള്‍ ഉയരുകയാണെന്ന് മന്ത്രി പറഞ്ഞു.