01 September, 2023 09:26:18 PM
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോളിന് നിരോധനം
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജമകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുമണി വരെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സർവേയോ പ്രദർശിപ്പിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിലെ 126(1)(ബി) വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിട്ടുണ്ട്.
ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. 8.41 ലക്ഷം രൂപ വിലവരുന്ന മദ്യമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.
പോലീസ്, ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്ററും എക്‌സൈസ് വകുപ്പിന്റെ പരിശോധനയിൽ 2490.27 ലിറ്ററും മദ്യമാണ് പിടികൂടിയത്. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 6.966 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 164.93 ഗ്രാം എം.ഡി.എം.എ, 10 കിലോഗ്രാം പുകയില, 105 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ, 48 പാക്കറ്റ് ഹാൻസ്, 2 ഗ്രാം ഹാഷിഷ് ഓയിൽ, 33 ഗ്രാം നൈട്രാസെപാം ഗുളിക എന്നിവയും പിടികൂടി. 4.60 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കുന്നത്.