01 September, 2023 05:07:13 PM


ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷൻസ് സെഷൻസ് കോടതി



കൊച്ചി: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞു. എറണാകുളം അഡീഷൻസ് സെഷൻസ് കോടതിയാണ് ആലുവ പൊലീസ് എടുത്ത കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. 

ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനെന്നും കോടതി ചോദിച്ചു. വലിയ വിമർശനത്തോടെയാണ് കോടതി ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. പൊലീസിന്‍റെ വയർലെസ് സംവിധാനം ചോർത്തി എന്ന പരാതിയിലാണ് ആലുവ  പൊലീസ് ഷാജനെതിരെ കേസെടുത്തത്. 

ഷാജനെ അറസ്റ്റ് ചെയ്യാൻ വേണ്ടി ആലുവ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ഷാജനെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട. കേസ് ഇനി പരി​ഗണിക്കുമ്പോൾ മാത്രം മുന്നോട്ട് നടപടികൾ നോക്കാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 

വയർലെസ് സന്ദേശം ചോർന്നു എന്ന പേരിൽ ഷാജൻ സ്കറിയക്കെതിരെ  സൈബർ പൊലീസ് തിരുവനന്തപുരത്ത് നിന്നും കേസെടുത്തിരുന്നു. കേസിൽ കോടതി അറസ്റ്റ് തടഞ്ഞതാണ്. അതേ കേസിൽ എന്തിനാണ് ആലുവ പൊലീസ് എഫ്ഐആർ ഇടുകയും കേസെടുക്കുകയും ചെയ്തത് എന്ന് പ്രോസിക്യൂഷനോട് ചോദിച്ചപ്പോൾ പ്രോസിക്യൂഷന് ഉത്തരമില്ലായിരുന്നു. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ എവിടെ എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ പോലീസുകാരന്റെ ഏറാൻമൂളിയാവരുത് എന്ന് കോടതി വിമർശിച്ചു. 

കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ. ഒരു കേസിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ വേട്ടയാടുകയാണ്. ആലുവ പൊലീസും തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ആലുവ പൊലീസിന്റെ നീക്കമെന്നും ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു. 

ഷാജന്‍ സ്‌കറിയ പറഞ്ഞത്: ''പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ സുരക്ഷ വീഴ്ച സംഭവിച്ചത് സംബന്ധിച്ച് ചെയ്ത വിശകലനം, മോദിയെ സ്‌നേഹിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്‌തെന്നാണ് ഇന്നെടുത്ത കേസ്. ഇന്ന് ചോദ്യം ചെയ്തു. നാളെയും വരണമെന്ന് പറഞ്ഞിട്ടുണ്ട്. ചോദ്യം മുഴുവനും ആ വീഡിയോയുമായി ബന്ധപ്പെട്ടാണ്. കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. പൊലീസ് വളരെ മാന്യമായിട്ടാണ് പെരുമാറിയത്. പക്ഷെ ചോദ്യം ചെയ്യലിനിടെയില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടന്നു. ആലുവ പൊലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിന്റെ വയര്‍ലെസ് സന്ദേശം സാങ്കേതികവിദ്യ ഉപയോഗിച്ച് മോഷ്ടിച്ച് ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്നാണ് കേസ്. പൊലീസ് നോട്ടീസ് നല്‍കിയിട്ടില്ല. കേസ് സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ അറിയില്ല. ഒരു കേസ് കഴിഞ്ഞാല്‍ അടുത്ത കേസെന്ന നിലയില്‍ ജയിലില്‍ അടക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പക വീട്ടലാണ് നടക്കുന്നത്.''

''മുഖ്യമന്ത്രിയും എഡിജിപി അജിത് കുമാറും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. എന്നെ ജയിലില്‍ അടച്ചിരിക്കുമെന്ന് പൊലീസുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി അവര്‍ അതിനായി പരിശ്രമിക്കും. ഞാന്‍ എല്ലാ മാധ്യമങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ഭരണഘടനയെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അഭിപ്രായം പറയാന്‍ അവകാശമുണ്ട്. പറയാനുള്ളത് പറഞ്ഞു കൊണ്ടിരിക്കും. വ തുറക്കരുത്, മിണ്ടരുത്, ആരെയും വിമര്‍ശിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും. കേസുകള്‍ സ്ഥാപനത്തിന്റെ നടത്തിപ്പിനെ ബാധിച്ചു. പൊലീസ് കൊണ്ടുപോയ എല്ലാ കമ്പ്യൂട്ടറുകളും തിരിച്ചു കിട്ടിയിട്ടില്ല. ബാങ്ക് അക്കൗണ്ടും തിരിച്ചുകിട്ടിയിട്ടില്ല. പൊലീസുകാരെ ഭയന്ന് മൂന്നാല് ജീവനക്കാര്‍ രാജിവച്ച് പോയി.''



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K