01 September, 2023 01:16:21 PM


വ്യാപാരികൾക്ക് ആശ്വാസം; വാണിജ്യ എൽപിജി വില 158 രൂപ കുറച്ചു



ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഇടിവ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. എഎൻഐ റിപ്പോർട്ട് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 158 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യൻ ഓയിൽ കമ്പനി ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് 19 കിലോയ്ക്ക് 158 രൂപ കുറച്ചു. ഇന്ത്യൻ ഓയിലിന്‍റെ 19 കിലോഗ്രാം സിലിണ്ടറിന് 1,522.50 രൂപയാണ് ഇന്നത്തെ വില.

വാണിജ്യ, ഗാർഹിക എൽപിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില പുനരവലോകനങ്ങൾ എല്ലാ മാസത്തേയും ആദ്യ ദിവസം നടക്കുന്നു. പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

നേരത്തെ ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വർധിപ്പിച്ചിരുന്നു. ഈ വർദ്ധനവിന് മുമ്പ്, ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി രണ്ട് തവണ വില കുറച്ചിരുന്നു. 

മേയിൽ ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോൾ ജൂണിൽ 83 രൂപ കുറച്ചു. ഏപ്രിലിലും വില യൂണിറ്റിന് 91.50 രൂപ കുറച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പാചക വാതക വില കുതിച്ചുയരുകയും ഇത് ഒരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K