30 August, 2023 01:09:27 PM
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: നാളെ ഇഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് മൊയ്തീൻ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ നാളെ ഇഡിക്കു മുന്നിൽ ഹാജരാകില്ല. അസൗകര്യം പ്രകടിപ്പിച്ച് അദ്ദേഹം ഇഡിക്ക് കത്തയച്ചു. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് 25 നാണ് മൊയ്തീനു ഇഡി കത്തയച്ചത്. ഇതിനു മറുപടി ഇമെയിൽ വഴിയാണ് മറുപടി നൽകിയത്.
കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ.സി. മൊയ്തീനാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
150 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നതായി അന്വേഷണത്തിൽ ഇഡി കണ്ടെത്തിയിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് ബിനാമി സ്വത്തുക്കൾ പണയപ്പെടുത്തി കോടികൾ തട്ടിയത്. പാവപ്പെട്ട ഇടപാടുകാരുടെ ഭൂമി അവരറിയാതെയാണ് ബിനാമികൾ പണയപ്പെടുത്തിയത്. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം ലോണുകൾ അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.