23 August, 2023 01:25:19 PM


പാലക്കാ‌ട് തിരുവാഴിയോട് കല്ലട ടുറിസ്റ്റ് ബസ്സപകടത്തിന് കാരണം അമിതവേഗത



പാലക്കാ‌ട്: തിരുവാഴിയോട് കല്ലട ടുറിസ്റ്റ് ബസ്സപകടത്തിന് പ്രധാനകാരണം അമിതവേഗമെന്ന് പ്രാഥമിക നിഗമനം.അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരുടെ നില അതിവഗുരുതരമാണെന്ന് പാലക്കാ‌ട് എസ്.പി ആർ.ആനന്ദ് വ്യക്തമാക്കി.  

അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു. 14 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും മറ്റ് 6 പേർ പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടക്കുന്നത്. ബംഗ്ലൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കല്ലട ബസാണ് തിരുവഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിൽ വെച്ച് അമിത വേഗത്തെ തുടർന്ന് മറിയുന്നത്. അപടത്തിൽ ഇതുവരെ രണ്ട് പേരാണ് മരണപ്പെട്ടത്. പൊന്നാനി സ്വദേശി സൈനബ, കുറ്റ്യാടി സ്വദേശി ഇഷാൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 

ബസില്‍ 38 പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. റോഡിന്റെ വശത്തുണ്ടായിരുന്ന കുഴിയിൽപ്പെട്ട് നിയന്ത്രണം വിട്ടാണ് ബസ്സ് മറിഞ്ഞതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയത് അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചു.സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വിട്ട് നൽകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K