21 August, 2023 05:28:46 PM


മാസപ്പടി വിവാദം; ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിക്കുന്നു- പി കെ കൃഷ്ണദാസ്



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ഉയർന്ന മാസപ്പടി വിവാദം ഒത്തു തീർപ്പാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിക്കുകയാണെന്ന് എൻഡിഎ കോ കൺവീനർ പി.കെ കൃഷ്ണദാസ്. എൻ ഡി എ സ്ഥാനാർഥി ജി. ലിജിൻ ലാലിന്റെ പ്രചാരണപരിപാടികൾക്കായി എത്തിയ അദ്ദേഹം പുതുപ്പള്ളിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്  കോൺഗ്രസ്  സി പി എം ധാരണ പ്രകാരമാണ്.  മുഖ്യമന്ത്രിയെ കോൺഗ്രസ് നേത്യത്വത്തിന് പേടിയാണ്. ഇരു പാർട്ടികളും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. ഇക്കാര്യം  പുതുപ്പള്ളി ഇലക്ഷനിൽ ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടും

എൽഡിഎഫും യുഡിഎഫും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം ഒന്നായിരിക്കുന്നു. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുന്നതിലും ഭേദം ഉപ മുഖ്യമന്ത്രി ആകുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനും മകളും മാസപ്പടി വാങ്ങിയെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ ആരോപണം ഉയർന്ന്  ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഈ മൗനം കുറ്റസമ്മതം ആണെന്ന് സംശയിക്കുന്നു. പൊതു സമൂഹത്തിലുള്ള സംശയം ശരിയാണെന്ന്  അനുദിനം തെളിഞ്ഞു വരികയാണ്.

സിപിഎം ഒരു അച്ഛനിലും മകളിലും മാത്രം ഒതുങ്ങി  നിൽക്കുന്ന കാഴ്ചയാണ് കേരളം ഇന്ന് കാണുന്നത്. ഇരുവരുമാണ് പാർട്ടിയെ ഇന്ന് പൂർണ്ണമായി നിയന്ത്രിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K