19 August, 2023 03:27:13 PM
ഡൽഹിയിൽ ജി-20 വിരുദ്ധ സെമിനാർ തടഞ്ഞ് പൊലീസ്; സുർജീത് ഭവന്‍റെ ഗേറ്റ് പൂട്ടി
ന്യൂഡൽഹി: ട്രേഡ് യൂണിയനുകളും സാമൂഹ്യപ്രവർത്തരും ചേർന്ന് സംഘടിപ്പിച്ച ജി-20 വിരുദ്ധ സെമിനാർ തടഞ്ഞ് ഡൽഹി പൊലീസ്. ഡൽഹിയിലെ സിപിഎമ്മിന്‍റെ പഠനകേന്ദ്രമായ സുർജിത് ഭവനിലാണ് വി -ട്വന്‍റി എന്ന പേരിൽ മൂന്നു ദിവസത്തെ സെമിനാർ ആസൂത്രണം ചെയ്തിരുന്നത്.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സെമിനാർ തടഞ്ഞത്. അകത്തുള്ളവരോട് മുഴുവൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ട പൊലീസ് പരിപാടിയിൽ പങ്കെടുത്തവരുടെ പട്ടികയും ആവശ്യപ്പെട്ടു.
സംഘാടകർ ചോദ്യം ചെയ്തതോടെ പുറത്തു നിന്നുള്ളവരെ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പൊലീസ് സുർജിത് ഭവന്‍റെ ഗേറ്റ് പൂട്ടുകയായിരുന്നു. ഓഫിസിനു ചുറ്റും ബാരിക്കേഡുകളും സ്ഥാപിച്ചു. ജയ്റാം രമേശ്, അഡ്വക്കേറ്റ് വന്ദന ശിവ, ജനതാ ദൾ (യുണൈറ്റഡ്) എംപി അനീൽ ഹെഗ്ഡെ എന്നിവരാണ് ഇന്നത്തെ സെമനാറിൽ സംസാരിക്കാനിരുന്നത്.
ജി-20 അടക്കമുള്ള ആഗോള യോഗങ്ങളിൽ തീരുമാനിക്കുന്ന വിധത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും മനുഷ്യാവകാശം ഉറപ്പാക്കാനും മോദി സർക്കാരിന് കഴിയുന്നുണ്ടോ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരുന്നത്.
ഇന്നലെയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. സംഘാടകർ അടക്കം 100 പേരാണ് സെമിനാറിന്‍റെ ഉദ്ഘാടന ദിനത്തിൽ പങ്കെടുത്തത്. മൂന്നു ദിവസങ്ങളിലായി വിവിധ മേഖലകളിൽ നിന്നായി 500 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇത്തരം ജനാധിപത്യപരമായ യോഗങ്ങളെ പോലും അനുവദിക്കാത്ത സർക്കാർ എന്തിനെയാണ് ഭയക്കുന്നതെന്ന് സെമിനാറിൽ കഴിഞ്ഞ ദിവസം പങ്കെടുത്ത സാമൂഹ്യപ്രവർത്തക മേധാ പട്കർ പറഞ്ഞു.