19 August, 2023 12:03:53 PM
ബീഹാറിലെ മാധ്യമ പ്രവർത്തകന്‍റെ കൊലപാതകം; നാലുപേർ കസ്റ്റഡിയിൽ
പറ്റ്ന: ബീഹാറിലെ മാധ്യമ പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്ത പ്രതികള ചോദ്യം ചെയ്ത് വരുകയാണ്. ഹിന്ദി പത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെയാണ് അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നത്. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘർഷം ഉടലെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് സൂപ്രണ്ടും എം പിയും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.
അതേസമയം അയൽക്കാരുമായുള്ള പഴയ വൈരാഗ്യമാകാം സംഭവത്തിന് കാരണമെന്നും പറയുന്നു.ഒരു വർഷം മുൻപ് വിമൽ കുമാറിന്‍റെ അനുജനും ഇതേ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ മുഖ്യസാക്ഷി വിമൽ ആയിരുന്നു. ഇയാളുടെ കൊലപാതകവും ഇതുമായി ബന്ധപ്പെട്ടിരിക്കുമെന്ന് സംശയിക്കുന്നു.
കുറ്റപത്രം വായിച്ച ശേഷം വിമലിന്‍റെ മൊഴി കേസിൽ നിർണായകമാണെന്ന് പ്രതികൾ വിശ്വസിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് എന്നാണ് നിഗമനം. ഇതാകാം വിമൽകുമാറിന്‍റെ കൊലപാതകത്തിന് കാരണമായത്. വിമൽ കുമാറിന് 15 വയസ്സുള്ള ഒരു മകനും 13 വയസ്സുള്ള ഒരു മകളുമുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ക്രമസമാധാനപാലനത്തിലെ വീഴ്ചയുടെ പേരില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ രംഗത്തെത്തി.