12 August, 2023 10:29:39 AM
പുന്നമടക്കായലിൽ ഇന്ന് നെഹ്‌റുട്രോഫി ജലമേള; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
ആലപ്പുഴ: ആവേശം വാനോളമുയർത്തി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ ഇന്ന് നെഹ്‌റുട്രോഫി ജലമേള. വഞ്ചിപ്പാട്ടിന്‍റെ ഈരടികളും ആർപ്പുവിളികളുമായി ഇരുകരകളിലും തിങ്ങിനിൽക്കുന്ന ജനാവലി ജലരാജാക്കന്മാരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. പകൽ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സോടെ ജലമേള തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കളിവള്ളങ്ങളുടെ മാസ്‌ഡ്രിൽ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റീസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിക്കും. നാലുമുതൽ അഞ്ചുവരെ ഫൈനൽ നടക്കും. 19 ചുണ്ടനടക്കം 72 വള്ളം പോരിനിറങ്ങും. ഇരുട്ടുകുത്തി എ ഗ്രേഡ് – -4, ഇരുട്ടുകുത്തി ബി ഗ്രേഡ് –- 15, ഇരുട്ടുകുത്തി സി ഗ്രേഡ് – -13, വെപ്പ് എ ഗ്രേഡ് –- 7, വെപ്പ് ബി ഗ്രേഡ് –- 4 ചുരുളൻ –- 3, തെക്കനോടിത്തറ – -3, തെക്കനോടികെട്ടി –- 4 എന്നിങ്ങനെയാണ് മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, തൊക്കനോടിത്തറ, തെക്കനോടികെട്ടി, ചുരുളൻ വിഭാഗങ്ങളിൽ ഫൈനലാണ് നടക്കുക.
ഉദ്‌ഘാടനയോഗത്തിൽ ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, സജി ചെറിയാൻ, എം ബി രാജേഷ്, വീണാ ജോർജ്, വി അബ്‌ദുറഹ്‌മാൻ എന്നിവർ മുഖ്യാതിഥികളാകും. വള്ളംകളി പരിഗണിച്ച് ഇന്ന് രാവിലെ ഒമ്പതുമുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.