09 August, 2023 12:45:55 PM
തോമസ് കെ.തോമസിനെതിരായ വധശ്രമം നിയമസഭയില് ഉന്നയിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: എന്സിപി എംഎല്എ തോമസ് കെ.തോമസിനെതിരായ വധശ്രമം നിയമസഭയില് ഉന്നയിച്ച് പ്രതിപക്ഷം. ക്രമസമാധാനനിലയെപ്പറ്റി സഭ നിര്ത്തിവച്ച് ചര്ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് സ്പീക്കര് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്നിന്ന് ഇറങ്ങിപ്പോയി.
തോമസ് ഡിജിപിക്ക് നല്കിയ പരാതിയില് സൂചിപ്പിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്കിയത്. എന്നാല് പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ എസ്പിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആര് തെറ്റ് ചെയ്താലും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും. മുഖം നോക്കാതെയാണ് പോലീസ് നടപടിയെടുക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എന്നാല് കേരളത്തില് ഇടതുപക്ഷ എംഎല്എയ്ക്ക് പോലും രക്ഷയില്ലാത്ത തരത്തിലാണ് പോലീസിന്റെ പ്രവര്ത്തനമെന്ന് സതീശന് വിമര്ശിച്ചു. തന്നെ പാണ്ടിലോറി ഇടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി ലഭിച്ചതായി ഇതേ എംഎല്എ ഒരു വര്ഷം മുമ്പ് പരാതി നല്കിയതാണ്.
എന്നാല് ഇതില് ഒരു നടപടിയും ഉണ്ടായില്ല. അന്ന് കേസ് അന്വേഷിച്ച എസ്പിക്ക് തന്നെയാണ് പുതിയ പരാതിയും കൈമാറിയതെന്നും സതീശന് കൂട്ടിച്ചേര്ത്തു.
മുഖംനോക്കാതെ നടപടി എടുക്കുന്ന പോലീസാണ് കേരളത്തില് ഉളളതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ താന് ചോദ്യം ചെയ്യുകയാണെന്ന് സതീശന് പറഞ്ഞു. ഇഷ്ടക്കാര്ക്ക് സംരക്ഷണം നല്കുന്ന പോലീസാണ് ഇവിടെയുള്ളതെന്നും സതീശന് കുറ്റപ്പെടുത്തി.