09 August, 2023 12:11:30 PM


കണ്ണീര് വിറ്റ് വോട്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്- എ.കെ. ബാലൻ



തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. കണ്ണീര് വിറ്റ് വോട്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വരുമ്പോൾ ജനങ്ങൾക്ക് മതിപ്പുണ്ടാകില്ല, കണ്ണീരിന്‍റെ അണകെട്ടി ഈ രാഷ്ട്രീയ ഒഴുക്കിനെ തടയാമെന്ന ധരിക്കരുത്. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്. വ്യക്തിപരമായി ഈ തിരഞ്ഞെടുപ്പിനെ എടുത്താൽ അതിന് മറുപടി നൽകാൻ നിർബന്ധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മരണപ്പെട്ടു കഴിഞ്ഞാൻ സ്വഭാവികമായും ഒരു ജനപ്രവാഹമുണ്ടാവും. അതെല്ലാം കോൺഗ്രസിന്‍റെ ബോട്ടാണെന്ന് തെറ്റിദ്ധരിക്കരുതെന്നും എ.കെ. ബാലൻ പറഞ്ഞു. കണ്ണീരിന്‍റെ പുറകെ പോയിട്ടുള്ള മിക്ക നേതാക്കളും ഇന്ന് ബിജെപിയിലാണ് ഉള്ളതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ആന്‍റണിയുടെ പാരമ്പര്യം വച്ച് കെപിസിസി പ്രസിഡന്‍റ് പറഞ്ഞത് യൂദാസാണെന്നാണ്. ആ പാരമ്പര്യം തനിക്കുണ്ടാവില്ലെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകാൻ ചാണ്ടി ഉമ്മന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കോൺഗ്രസ് നേതാക്കൾ ചെയ്ത വികസന പ്രവർത്തനങ്ങൾ പുതുപ്പള്ളിയിൽ ഉണ്ടായില്ലെന്നും, പുതുപ്പള്ളിയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ സ്ഥാനാർഥി ഉമ്മൻ ചാണ്ടി കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും എ.കെ. ബാലൻ പറഞ്ഞു. സോളാർ കേസിൽ എൽഡിഎഫിന് പങ്കില്ല. പരസ്പരം പാരവച്ച് തകർന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.

അതേസമ‍യം, വീണ വിജയനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നും, വീണ വിജയനെതിരായ വാർത്ത മാത്രമാണ് ശ്രദ്ധയിൽപെട്ടതെന്നും ബാലൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അജണ്ട സെറ്റ് ചെയ്യുന്നതാവും, പിണറായി വിജയനെയും കുടുംബത്തെയും തകർക്കുക എന്നത് മാധ്യമങ്ങളുടെ ഉന്നമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമ സഭയിൽ അടിയന്തര പ്രമേയത്തിന്‍റെ ദാരിദ്ര്യം കുറക്കാൻ മാധ്യമങ്ങൾ ഓരോ വിഷയം ഇട്ടു കൊടുക്കുമെന്നും ബാലൻ പറഞ്ഞു. കാര്യങ്ങൾ വ്യക്തമായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K