08 August, 2023 10:34:24 AM


മണിപ്പൂർ കലാപം: അവിശ്വാസ പ്രമേയ ചർച്ച ഇന്നും നാളെയും



ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന് എതിരായ ഇന്ത്യ സഖ്യത്തിന്‍റെ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും.  ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ചയ്ക്ക് തുടക്കമാകുന്നത്.


അവിശ്വാസ പ്രമേയ ചര്‍ച്ച രണ്ട് ദിവസങ്ങളിലായി 12 മണിക്കൂറാണ് ഉണ്ടാകുക. ആറ് മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്ക് ലഭിക്കുക. ഒരു മണിക്കൂര്‍ 15 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്നത്. മറ്റ് പാര്‍ട്ടിക്കാര്‍ക്ക് രണ്ട് മണിക്കൂറും സ്വതന്ത്ര അംഗങ്ങള്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും കൂടി ഒരു മണിക്കൂര്‍ 10 മിനിറ്റാണ് ലഭിക്കുക.

അതേസമയം ചർച്ചക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് എതിരെ അതിരൂക്ഷ വിമർശനമാകും പ്രതിപക്ഷം ഉയർത്തുക. കോൺഗ്രസ് ഭരണകാലത്ത് മണിപ്പൂരിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാകും ഭരണ പക്ഷത്തിന്‍റെ പ്രതിരോധം. 

അവിശ്വാസം കൊണ്ടുവന്ന ഗൗരവ് ഗോഗോയ് കഴിഞ്ഞാൽ പ്രതിപക്ഷ നിരയിൽ നിന്ന് സംസാരിക്കുക രാഹുൽ ഗാന്ധിയാകും. അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള അംഗബലം സർക്കാരിനുണ്ട്. പ്രമേയത്തിലുടെ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിൽ തുടരുന്ന മൗനം അവസാനിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം. 

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ പ്രതിപക്ഷം പാർലമെന്‍റിൽ മണിപ്പൂര്‍ വിഷയം ഉന്നയിക്കുന്നുണ്ട്. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയെന്ന ആവശ്യമാണ് 'ഇന്ത്യ' കൂട്ടായ്മ ഒന്നാം ദിവസം മുതൽ ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ ഹ്രസ്വചര്‍ച്ചയാവാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റൂ എന്ന നിലപാടും പ്രതിപക്ഷം സ്വീകരിച്ചിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി സഭയില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയത്തിലേക്ക് പ്രതിപക്ഷം കടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K