04 August, 2023 01:18:34 PM
അക്ഷയകേന്ദ്രങ്ങളില്‍ വന്‍ ക്രമക്കേട്: മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്
കോട്ടയം അക്ഷയകേന്ദ്രങ്ങളില്‍ നടക്കുന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സംസ്ഥാനവ്യാപകമായി വിജിലന്‍സ് റെയ്ഡ്. എല്ലാ ജില്ലയിലും പതിനഞ്ചില്‍ കുറയാതെയുള്ള അക്ഷയകേന്ദ്രങ്ങളിളാണ് ഒരേ സമയം പരിശോധന നടക്കുന്നത്. ഇന്ന് പതിനൊന്ന് മണിക്ക് തുടങ്ങിയ പരിശോധന തുടരുകയാണ്.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിന് തുടങ്ങിയ അക്ഷയ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്ക് അമിതതുക ഈടാക്കുന്നതായും നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതായും പരക്കെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസര്‍മാര്‍ അക്ഷയ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങി ഇത്തരം അഴിമതികള്‍ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുകയാണെന്ന വിവരം വിജലന്‍സിന് ലഭിച്ചിരുന്നു.
അക്ഷയ കേന്ദ്രങ്ങള്‍ ജനങ്ങളില്‍ നിന്നും വാങ്ങാവുന്ന ഫീസ് സംബന്ധിച്ച് വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍ ഇതിന്‍റെ പതിന്മടങ്ങ് ഫീസ് ഈടാക്കുന്ന കേന്ദ്രങ്ങള്‍ കമ്പ്യൂട്ടര്‍ ബില്ലുകള്‍ കൊടുക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. ആധാര്‍ എന്റോള്‍മെന്‍റ്, ആധാര്‍ ബയോമെട്രിക് അന്വേഷണം, എസ് സി / എസ് ടി സ്കോളര്‍ഷിപ്പ് അപേക്ഷ, ഗ്രാന്‍റ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും വന്‍തുകയാണ് ഓരോ കേന്ദ്രങ്ങളും വാങ്ങുന്നത്.
ഓരോ ദിവസത്തേയും ഇടപാടുകളുടെ ക്യാഷ് ബുക്കും പൊതുജനങ്ങള്‍ക്ക് പരാതി എഴുതാന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നതും ഇവ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പരിശോധിക്കണമെന്നുമുള്ളത് പാലിക്കപ്പെടുന്നില്ല. അക്ഷയകേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ 5 മണിവരെ പ്രവര്‍ത്തിക്കണമെന്നതും ഉത്തരവില്‍ ഒതുങ്ങുന്നു.
അക്ഷയകേന്ദങ്ങളുടെ നടത്തിപ്പുകാര്‍ തദ്ദേശസ്ഥാപനങ്ങളിലെയും വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പരിശോധനയില്‍ ഇത്തരം ഒട്ടേറെ ക്രമക്കേടുകള്‍ സംസ്ഥാനവ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.